കേരള ജൂനിയര്‍ ക്രിക്കറ്റ് ടീം മുന്‍ അംഗം വാഹനാപകടത്തില്‍ മരിച്ചു.....

കേരള ജൂനിയര്‍ ക്രിക്കറ്റ് ടീം മുന്‍ അംഗം മരിച്ചു. തിരുവനന്തപുരം നരുവാമൂട് വെള്ളാപ്പള്ളി ദീപത്തില്‍ ബി.ദീപന്‍രാജ് (31) ആണ് മരിച്ചത്. ബൈക്കപകടത്തില്‍ ഗുരുതര പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിങ്കളാഴ്ച രാത്രി 11.30ന് വഴുതക്കാട് ശ്രീമൂലം ക്ലബ്ബിനു സമീപമായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ വഴുതക്കാട് ഭാഗത്തേക്കു വരുകയായിരുന്നു ദീപന്‍ രാജ്. മുന്നിലുണ്ടായിരുന്ന ബൈക്ക് സിഗ്‌നലിടാതെ തിരിഞ്ഞപ്പോള്‍ അതിലിടിച്ചു വീഴുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്. ആദ്യം മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിച്ചു.
വലംകയ്യന്‍ ബാറ്ററും മീഡിയം പേസറുമായ ദീപന്‍രാജ് അണ്ടര്‍ 15, 17 വിഭാഗങ്ങളില്‍ കേരളത്തിനായി ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടുണ്ട്. അണ്ടര്‍ 17 ടീമിലെ മികച്ച ഓള്‍റൗണ്ടറായിരുന്നു. എം.ജി. കോളേജ്, കേരള സര്‍വകലാശാലാ ടീമുകളിലുമുണ്ടായിരുന്നു. 2007-2008 സീസണില്‍ കേരള ജൂനിയര്‍ ടീമിലെ എറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ്. കുവൈത്തിലെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് നാട്ടിലേക്കു മടങ്ങിയത്.
പരേതനായ ബാബുരാജിന്റെയും സ്വപ്നലേഖയുടെയും മകനാണ്. ഭാര്യ: ശ്രുതി, മകന്‍: കൃഷ്ണദേവ്. സംസ്‌കാരചടങ്ങുകള്‍ നടന്നു.
"
https://www.facebook.com/Malayalivartha