കളരിപ്പയറ്റ് ഇനി ദേശീയ ഗെയിംസിന്റെ ഭാഗം...

കളരിത്തറകളിലും അങ്കത്തട്ടിലും പയറ്റിത്തെളിഞ്ഞ കളരിപ്പയറ്റ് ഇനി ദേശീയ ഗെയിംസിന്റെ ഭാഗം. കേണല്‍ ഗോദവര്‍മ്മ രാജ 1958ല്‍ കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അംഗത്വം നല്‍കിയ കേരള കളരിപ്പയറ്റ് അസോസിയേഷന്റെ പ്രവര്‍ത്തനം തലമുറമാറ്റത്തിലൂടെ ദേശീയ തലത്തിലേയ്ക്ക് വളര്‍ന്നപ്പോള്‍ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചു. 2015ല്‍ ദേശീയ അംഗീകാരം ലഭിച്ച ഇന്‍ഡ്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്റെ പ്രവര്‍ത്തനമാണ് ഇന്നത്തെ നേട്ടത്തിനെല്ലാം അടിസ്ഥാനം. ഇപ്പോള്‍ 20 സംസ്ഥാനങ്ങളില്‍ കളരിപ്പയറ്റ് അസോസിയേഷനുകള്‍ പ്രവര്‍ത്തിച്ചുവരുന്നു.
ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ ഉള്‍പ്പെടുത്തണമെന്ന ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചുകൊണ്ട് 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിലും, 2020 ല്‍ ആസാമില്‍ നടന്ന ഖേലോ ഇന്‍ഡ്യയിലും കളരിപ്പയറ്റിനെ പ്രദര്‍ശന ഇനമായി കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം 2021ല്‍ ഹരിയാനയില്‍ നടന്ന ഖേലോ ഇന്‍ഡ്യ അണ്ടര്‍ 18 യൂത്ത് ഗെയിംസിലും, 2022ല്‍ ഗ്വാളിയോറില്‍ നടന്ന യൂത്ത് ഗെയിംസിലും മത്സര ഇനമായി കളരിപ്പയറ്റിനെ ഉള്‍പ്പെടുത്തി. ഈ മത്സരങ്ങളില്‍ 200 അഭ്യാസികള്‍ പങ്കെടുക്കുകയും ചെയ്തു.
കേന്ദ്രകായിക മന്ത്രാലയത്തിന്റെയും ഇന്‍ഡ്യന്‍ ഒളിംപിക് അസോസി യേഷന്‍ അദ്ധ്യക്ഷയുടെയും സൂക്ഷ്മ നിരീക്ഷണം കളരിപ്പയറ്റിനെ മത്സരയിനമായി ഉള്‍പ്പെടുത്തുന്നതിന് ഏറെ സഹായകമായെന്ന് ഇന്‍ഡ്യന്‍ കളരിപ്പയറ്റ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അഡ്വ. പൂന്തുറ സോമന്‍ പറഞ്ഞു. ദേശീയ തലത്തിലെ ഈ അംഗീകാരം കളരിപ്പയറ്റിന് അന്തര്‍ദ്ദേശീയ മത്സരങ്ങളിലേയ്ക്കുള്ള വാതില്‍ തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha