ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാള്‍... ഏഷ്യന്‍ ഗെയിംസില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന റെക്കോഡും സ്വന്തമാക്കി

ഏഷ്യന്‍ ഗെയിംസില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാള്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ 48 പന്തില്‍ നിന്നാണ് താരം സെഞ്ചുറി തികച്ചത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമെന്ന റെക്കോഡും ജയ്സ്വാള്‍ സ്വന്തമാക്കി.
ഇതോടൊപ്പം ശുഭ്മാന്‍ ഗില്ലിനെ മറികടന്ന് ടി20-യില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ജയസ്വാളിന്റെ പേരിലായി. 49 പന്തില്‍ നിന്ന് ഏഴ് സിക്സും എട്ട് ഫോറുമടക്കം ജയ്സ്വാള്‍ 100 റണ്‍സെടുത്തു.
19 വര്‍ഷവും എട്ട് മാസവും 13 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്സ്വാള്‍ ടി20-യില്‍ തന്റെ കന്നി സെഞ്ചുറി കുറിച്ചിരിക്കുന്നത്. 23 വര്‍ഷവും 146 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഗില്ലിന്റെ സെഞ്ചുറി.
അതേസമയം നേപ്പാളിനെ 23 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
"
https://www.facebook.com/Malayalivartha