ബാഴ്സലോണയും റയല്‍ മഡ്രിഡും ഇന്ന് നേര്‍ക്കുനേര്‍...

സീസണിലെ അവസാന സ്പാനിഷ് എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണയും റയല്‍ മഡ്രിഡും ഞായറാഴ്ച നേര്‍ക്കുനേര്‍. ലാലിഗ ഫുട്ബോളില്‍ കിരീടം നിര്‍ണയിക്കപ്പെടുന്ന പോരാട്ടമാവും നടക്കുക. വൈകുന്നേരം 7.45-നാണ് മത്സരം നടക്കുക.
യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഇന്റര്‍ മിലാനോടേറ്റ തോല്‍വിയുടെ മുറിപ്പാടുമായാണ് ബാഴ്സ സ്വന്തം തട്ടകത്തില്‍ കളിക്കാനിറങ്ങുന്നത്.
എന്നാല്‍, സീസണിലെ മൂന്ന് എല്‍ ക്ലാസിക്കോയിലും റയലിനെ കീഴടക്കിയത് ഹാന്‍സി ഫ്ളിക്കിന് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു.
രണ്ടാഴ്ചമുന്‍പ് കോപ ഡെല്‍റെ ഫൈനലില്‍ 3-2 സ്‌കോറിലാണ് ബാഴ്സ ജയിച്ചത്. സ്പാനിഷ് സൂപ്പര്‍ കപ്പിലും ബാഴ്‌സയ്ക്കുമുന്നില്‍ റയല്‍ തകര്‍ന്നിരുന്നു (52). ലാലിഗയില്‍ റയലിന്റെ തട്ടകത്തിലും ബാഴ്സ അനായായ ജയംകുറിച്ചു (40). പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ബാഴ്സലോണയ്ക്ക് 34 കളികളില്‍ 79 പോയിന്റും രണ്ടാമതുള്ള റയലിന് 75 പോയിന്റുമാണുള്ളത്. നാലുമത്സരങ്ങളാണ് അവശേഷിക്കുന്നത്. റയലിനെ കീഴടക്കാനായാല്‍ ബാഴ്സയ്ക്ക് കിരീടം ഏറക്കുറെ ഉറപ്പിക്കാനാവും. റയല്‍ ജയിച്ചാല്‍ കിരീടപ്പോരാട്ടം വീണ്ടും മുറുകും.
മുന്നേറ്റനിരയുടെ കരുത്തിലാണ് ബാഴ്‌സയുടെ പ്രതീക്ഷ. മുതിര്‍ന്ന സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലവന്‍ഡോസ്‌കി പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതും ബാഴ്സയ്ക്ക് ആശ്വാസം പകരുകയാണ്.
https://www.facebook.com/Malayalivartha