ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിക്ക് ജയം...

ക്ലബ് ലോകകപ്പ് ഫുട്ബോള്‍ പോരാട്ടത്തിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിക്ക് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ ലൊസാഞ്ചലസ് എഫ്സിയെ വീഴ്ത്തി.
പാല്‍മിറസ്- എഫ്സി പോര്‍ട്ടോ പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. ബൊക്ക ജൂനിയേഴ്സ്- ബെന്‍ഫിക്ക പോരാട്ടം 2-2നു സമനിലയിലും പിരിയുകയും ചെയ്തു. ഇരു പകുതികളിലായി നേടിയ ഗോളുകളുടെ ബലത്തിലാണ് ചെല്‍സി ജയം പിടിച്ചത്.
കളിയുടെ 34ാം മിനിറ്റില്‍ പെഡ്രോ നെറ്റോ ചെല്‍സിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ 79ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിലൂടെ ചെല്‍സി പട്ടിക തികച്ചു. മൂന്ന് റെഡ് കാര്‍ഡുകള്‍ കണ്ട പോരിലാണ് ബൊക്ക ജൂനിയേഴ്സ്- ബെന്‍ഫിക്ക പോരാട്ടം 2-2നു സമനിലയില്‍ പിരിഞ്ഞത്.
45ാം മിനിറ്റില്‍ ബൊക്കയുടെ ആന്റര്‍ ഹെരേരയും 88ാം മിനിറ്റില്‍ ജോര്‍ജ് ഫിഗലുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. ബെന്‍ഫിക്കയുടെ ആന്‍ഡ്രെ ബെലോട്ടി 72ാം മിനിറ്റിലും ചുവപ്പ് കാര്‍ഡ് വാങ്ങി. രണ്ട് ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് ബെന്‍ഫിക്ക സമനില പിടിച്ചത്. 21ാം മിനിറ്റില്‍ ബൊക്ക ജൂനിയേഴ്സിനെ മിഗ്വേല്‍ മെരെന്റിയലാണ് മുന്നിലെത്തിച്ചത്. ആറ് മിനിറ്റിനുള്ളില്‍ റോഡ്രോഗോ ബറ്റാഗ്ലിയ ബൊക്ക ജൂനിയേഴ്സിനു രണ്ടാം ഗോള്‍ സമ്മാനിക്കുകയുമായിരുന്നു.
45ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് എയ്ഞ്ചല്‍ ഡി മരിയയാണ് ബെന്‍ഫിക്കയ്ക്ക് ആദ്യ ഗോള്‍ സമ്മാനിച്ചത്. 84ാം മിനിറ്റില്‍ മറ്റൊരു അര്‍ജന്റീന താരമായ നിക്കോളാസ് ഒടാമെന്‍ഡി ബെന്‍ഫിക്കയുടെ സമനില ഗോളും സാധ്യമാക്കി.
"
https://www.facebook.com/Malayalivartha