ഇന്ത്യ രണ്ടാം മെഡല്‍ ഉറപ്പിച്ചു; ഇന്ത്യയുടെ പി.വി.സിന്ധു ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ ഫൈനലില്‍

റിയോ ഒളിംപിക്‌സ് ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍. വാശിയേറിയ സെമിപോരാട്ടത്തില്‍ ജപ്പാന്‍ താരം നോസോമി ഒകുഹാരയേയാണ് സിന്ധു തകര്‍ത്തത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍: 21-19, 21-10. ഇതോടെ, നിരാശയുടെ ദിനങ്ങള്‍ക്ക് ശേഷം റിയോയില്‍ ഇന്ത്യ രണ്ടാം മെഡല്‍ ഉറപ്പിച്ചു.വനിതാ വിഭാഗം ഗുസ്തിയില്‍ സാക്ഷി മാലിക്കിലൂടെ ഇന്ത്യ വെങ്കലം സ്വന്തമാക്കിയിരുന്നു.
ഒളിംപിക്‌സ് ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ സ്‌പെയിനിന്റെ ലോക ഒന്നാം റാങ്കുകാരിയായ കരോലിന മാരിനാണ് സിന്ധുവിന്റെ എതിരാളി. ആദ്യസെമിയില്‍ ചൈനയുടെ ലീ ഷുറോയിയെ തോല്‍പ്പിച്ചാണ് മാരിന്‍ ഫൈനലില്‍ ഇടം പിടിച്ചത്.
ലോകറാങ്കിങ്ങില്‍ ആറാമതുള്ള ഒകുഹാരയ്‌ക്കെതിരെ തകര്‍പ്പന്‍ പോരാട്ടമായിരുന്നു 10ാം സ്ഥാനക്കാരിയായ സിന്ധുവിന്റേത്. ആദ്യസെറ്റു മുതല്‍ ആത്മവിശ്വാസത്തോടെ പൊരുതിയ സിന്ധു എതിരാളിയെ തുടക്കം മുതലേ നിഷ്പ്രഭയാക്കി. ആദ്യസെറ്റില്‍ ആദ്യ പോയിന്റ് ജപ്പാന്‍ താരം നേടിയതൊഴിച്ചാല്‍ പിന്നീട് ലീഡ് നിലനിര്‍ത്താന്‍ സിന്ധുവിനായി. വിട്ടുകൊടുക്കാതെ ഒപ്പത്തിനൊപ്പം പിടിച്ച ഒകുഹാര ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച സിന്ധു 21ന് 19ന് ആദ്യ സെറ്റ് സ്വന്തമാക്കി.
https://www.facebook.com/Malayalivartha