റിയോ ഒളിമ്പിക്‌സില്‍ ചൈനീസ് നീന്തല്‍ താരത്തിന്റെ മറുപടിയില്‍ പ്രതികരിച്ച് അഞ്ജു ബോബി ജോര്‍ജ്ജ്

റിയോ ഒളിമ്പിക്‌സില്‍ തന്റെ ടീം നാലാമതായതിന്റെ കാരണം അപ്രതീക്ഷിതമായി എത്തിയ ആര്‍ത്തവത്തിന്റെ അസ്വസ്ഥതകള്‍ കാരണമാണെന്ന് ചൈനീസ് നീന്തല്‍ താരം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ചൈനീസ് സോഷ്യല്‍ മീഡിയയായ വിബോയില്‍ സമ്മിശ്ര പ്രതികരണമാണ് ഈ വിഷയത്തില്‍ ഉണ്ടായത്.
ഒരു വനിതാ കായിക താരം നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും ഒരു വനിതാകായികതാരത്തിന് മാത്രമേ അത്രയും ആഴത്തില്‍ മനസ്സിലാവുകയുള്ളൂവെന്ന് അഞ്ജു ബോബി ജോര്‍ജ്ജ് പറയുന്നു. വനിതാ കായികതാരങ്ങളെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാനാവാത്ത ഇത്തരം ശാരീരികയാഥാര്‍ത്ഥ്യങ്ങള്‍ സമൂഹം മനസ്സിലാക്കണം. അത് മോശമായി എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവരോട് പറയാനുള്ളത് മറ്റുള്ളവരുടെ അനുഭവങ്ങളെ അത് അനുഭവിയ്ക്കാത്തവര്‍ ജഡ്ജ് ചെയ്യരുതെന്ന് തന്നെയാണ് കായികതാരമായ അഞ്ജു ബോബി ജോര്‍ജ്ജ് പറയുന്നത്.
വനിതാ കായികതാരങ്ങള്‍ ഫേസ് ചെയ്യുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഇത്. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ഉള്ള ആരും അത് ഒരു കാരണമായി പറയാറില്ല. പക്ഷെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട് എന്നത് സത്യമാണ്. ചിലപ്പോള്‍ മത്സരത്തിന്റെ സ്‌ട്രെസ് കൊണ്ട് നമ്മള്‍ പ്രതീക്ഷിയ്ക്കാതെ നേരത്തെ വന്നേക്കാം. എനിയ്ക്ക് ഈ കാരണത്താല്‍ പല പ്രധാന മത്സരങ്ങളും പങ്കെടുക്കാന്‍ പറ്റാത്ത അവസ്ഥ വന്നിട്ടുണ്ട്. ചില മത്സരങ്ങള്‍ വളരെ ചെറിയ പോയിന്റ് വ്യത്യാസത്തില്‍ ഈ കാരണത്താല്‍ നഷ്ടമായിട്ടുണ്ട്. പ്രത്യേകിച്ചും വളരെ ചെറിയ പോയിന്റ് പോലും പ്രധാനമാകുന്ന ടോപ് ലെവല്‍ കോമ്പറ്റീഷനില്‍ ഇത് ഒരു പ്രശ്‌നം തന്നെയാകുന്നുണ്ട്.
ആ ദിവസങ്ങളില്‍ നമ്മുടെ ശരീരം മറ്റു ദിവസങ്ങളെപ്പോലെയല്ല. ഇളതാകും. ചിലപ്പോള്‍ എണീക്കാന്‍പോലും പറ്റാത്ത അവസ്ഥയില്‍ കിടന്നുപോകും. ശരീരം വേദനയുണ്ടാകും. ബ്ലീഡിങ്ങിനെക്കുറിച്ച് ടെന്‍ഷന്‍ ഉണ്ടാകും. അത് മാനസികമായി ചിലപ്പോള്‍ നമ്മളെ ഡൗണ്‍ ആക്കും.
പക്ഷേ ഈ കാര്യത്തില്‍ മറ്റൊന്നും ചെയ്യാനില്ല. ഭാഗ്യം പോലെയിരിയ്ക്കും എന്നെ പറയാനുള്ളൂ. മത്സരത്തിലെ പിഴവുകള്‍ക്ക് ഒരിക്കലും ഇതൊരു ന്യായീകരണമായി പറയാന്‍ പറ്റില്ല. ഒരു പരിധി വരെ ട്രെയിനിംഗ് കൊണ്ട് നമ്മള്‍ ശരീരത്തെ ഈ അവസ്ഥയോട് അനുയോജ്യമാക്കും. എന്ന് കരുതി ഇത് വളരെ സ്വാഭാവികമല്ലേ, ബുദ്ധിമുട്ടില്ല എന്ന മട്ടില്‍ നോക്കിക്കാണുന്നത് ക്രൂരതയാണ്. വളരെ ചെറിയ പോയിന്റുകളുടെ വ്യത്യാസത്തില്‍ നഷ്ടമാകുന്ന നേട്ടങ്ങളുടെ പേരില്‍ ക്രൂശിയ്ക്കപ്പെടുന്ന പല വനിതാകായികതാരങ്ങളുടെയും കണ്ണുനീരിനു പിന്നില്‍ പറയാനാവാത്ത ഇത്തരം പല വേദനകളും ഉണ്ടാകും എന്നു മനസിലാക്കുക എന്ന് മാത്രമേയുള്ളൂ.
https://www.facebook.com/Malayalivartha