അണ്ടര്‍ 17 ലോകകപ്പ്: വിശാല കൊച്ചി വികസന അതോറിറ്റിയോട് 25 ലക്ഷം കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മത്സര വേദിയായ കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന് സമീപത്തെ കടകള്‍ ഒഴിപ്പിക്കുമ്പോള്‍ സെക്യൂരിറ്റി തുകയായി 25 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ)യോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കടയുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കോടതി പറഞ്ഞു.
ഒഴിപ്പിക്കുന്ന കടകള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ മറ്റു വഴികളില്ലെന്ന് കോടതി പറഞ്ഞു. കടയുടമകളുടെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ലോകകപ്പിനായി കലൂര്‍ സ്‌റ്റേഡിയത്തിലെ കടകള്‍ മുഴുവന്‍ 25ന് ഒഴിപ്പിക്കണമെന്നാണ് ഫിഫ നിര്‍ദ്ദേശിച്ചിരുന്നത്. ഇതുപ്രകാരം 15ന് കട ഉടമകള്‍ക്ക് ജി.സി.ഡി.എ നോട്ടീസ് നല്‍കി.
എന്നാല്‍, ഇതിനെതിരെ കട ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ലോകകപ്പ് വേദിക്കായി കൊച്ചി വിടുകൊടുക്കാന്‍ രണ്ടരവര്‍ഷം മുന്‍പ് കേരള സര്‍ക്കാരും ഫിഫയും കരാര്‍ ഒപ്പുവച്ചിരുന്നു. ഫിഫയുടെ മാനദണ്ഡപ്രകാരം സ്‌റ്റേഡിയത്തില്‍ വാണിജ്യസ്ഥാപനങ്ങള്‍ അനുവദിക്കില്ല. ഫിഫയുടെ സാങ്കേതിക സമിതി പരിശോധനയ്ക്കായി എത്തിയപ്പോഴും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, കടകള്‍ ഒഴിപ്പിക്കാമെന്ന ഉറപ്പാണ് അധികൃതര്‍ അവര്‍ക്ക് നല്‍കിയിരുന്നത്. ഈമാസം 18 നാണ് പണികള്‍ പൂര്‍ത്തിയാക്കി സ്‌റ്റേഡിയം ഫിഫയ്ക്ക് കൈമാറുന്ന ചടങ്ങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കലൂര്‍ സ്‌റ്റേഡിയത്തിലെയും സമീപത്തേയും കടകള്‍ ഒഴിപ്പിച്ചില്ലെങ്കില്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നിന്ന് മാറ്റേണ്ടിവരുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനോട് ഫിഫ അറിയിച്ചതോടെയാണ് അധികൃതര്‍ ധൃതി പിടിച്ച് നോട്ടീസ് നല്‍കിയത്.
https://www.facebook.com/Malayalivartha