ഫെഡറർ അത്ഭുതപ്പെടുത്തുന്നു; ഇരുപതാം ഗ്രാന്‍ഡ്സ്ലാം എന്ന ചരിത്ര നേട്ടം ഫെഡറർക്ക് സ്വന്തം; ഓസ്‌ട്രേലിയൻ ഓപ്പൺ ആറാമതും സ്വന്തമാക്കി സ്വിസ് താരം

ടെന്നീസിലെ അത്ഭുതപ്രതിഭാസമാണ് റോജർ ഫെഡറർ. ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ മരിന്‍ സിലിച്ചിനെ തോൽപ്പിച്ച് തന്റെ ആറാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയ ഫെഡറർ ഇരുപത് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ ആദ്യ താരമായിരിക്കുകയാണ്. തന്റെ മുപ്പത്തിയാറാം വയസിലും ഫെഡററുടെ കരുത്ത് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് വ്യക്തം.
ഫെഡററുടെ ഏഴാം ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ അഞ്ചു സെറ്റ് നീണ്ടുനിന്ന കടുത്ത പോരാട്ടത്തിനൊടുവിലാണ് ഫെഡറർ കീഴ്പെടുത്തിയത്. തന്റെ കരിയറിലെ 30-ാം ഗ്രാന്‍സ്ലാം ഫൈനലായിരുന്നു ഇത്. അനായാസം ആദ്യ സെറ്റ് സ്വന്തമാക്കിയ ഫെഡറർക്ക് തുടർന്നുള്ള സെറ്റിൽ കടുത്ത വെല്ലുവിളി ഉയർത്താൻ സിലിച്ചിന് കഴിഞ്ഞു.
രണ്ടാം സെറ്റ് സിലിച്ച് സ്വന്തമാക്കിയപ്പോൾ മൂന്നാം സെറ്റ് ഫെഡററും നാലാം സെറ്റ് സിലിച്ചും നേടി. അവസാന സെറ്റിൽ തന്റെ അനുഭവസമ്പത്ത് പുറത്തെടുത്ത ഫെഡറർ അനായാസം സെറ്റും മത്സരവും സ്വന്തമാക്കി ചരിത്ര നേട്ടം കൈപ്പിടിയിൽ ഒതുക്കി. സ്കോർ- 6-2, 6-7, 6-3, 3-6, 6-1.
https://www.facebook.com/Malayalivartha