ലോക ഒന്നാം റാങ്കിന് പിന്നാലെ റോട്ടർഡാം കിരീടവും സ്വന്തമാക്കി ഫെഡറർ

ലോക ഒന്നാം സ്ഥാനത്തിന് പിന്നാലെ റോട്ടർഡാം കിരീടവും സ്വന്തമാക്കി റോജർ ഫെഡറർ. ഫൈനലിൽ ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തായിരുന്നു ഫെഡററുടെ കിരീടനേട്ടം. സ്‌കോർ 6-2,6-2.
ഫെഡററുടെ കരിയറിലെ 97 ആം കിരീടമാണിത്. ടൂർണമെന്റിന്റെ സെമിഫൈനലിൽ കടന്നതോടെ ഫെഡറർ ഒന്നാം സ്ഥാനം ഉറപ്പാക്കിയിരുന്നു. ഇതോടെ ഏറ്റവും പ്രായം കൂടിയ ലോക ഒന്നാം സ്ഥാനക്കാരൻ എന്ന റെക്കോർഡും ഈ സ്വിസ് താരം സ്വന്തമാക്കിയിരുന്നു. 33ആം വയസ്സിൽ ഒന്നാം റാങ്ക് സ്വന്തമാക്കിയ ആന്ദ്രെ അഗാസിയുടെ റെക്കോർഡാണ് ഫെഡറർ മറികടന്നത്.
എന്നാൽ ഫൈനൽ മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു. വെറും 55 മിനിറ്റുകൾക്കുള്ളിൽ ഫെഡറർ കളി അവസാനിപ്പിച്ചു. കഴിഞ്ഞ ഓസ്‌ട്രേലിയൻ ഓപ്പൺ നേടിയതോടെ കരിയറിൽ ഇരുപത് ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ഫെഡറർ സ്വന്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























