സ്വവര്‍ഗാനുരാഗിയാണ് താനെന്ന് സ്പ്രിന്റ് താരം ദ്യുതി ചന്ദ്

സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറയുന്ന രാജ്യത്തെ ആദ്യ കായിക താരമായി സ്പ്രിന്റ് താരം ദ്യുതി ചന്ദ്. സ്വവര്‍ഗാനുരാഗി ആണെന്നു പ്രഖ്യാപിച്ച സ്പ്രിന്റ് താരം ദ്യുതി ചന്ദിനെ കുടുംബാംഗങ്ങള്‍ തള്ളിപ്പറഞ്ഞു. വീട്ടില്‍ കയറ്റില്ലെന്നു മൂത്ത സഹോദരി ഭീഷണിപ്പെടുത്തിയതായി ഹൈദരാബാദില്‍ പരിശീലനം നടത്തുന്ന ദ്യുതി ചന്ദ് പറഞ്ഞു.
ഒഡിഷയിലെ ജജ്പുര്‍ ജില്ലയിലെ ചാകാ ഗോപാല്‍പുര്‍ ഗ്രാമക്കാരിയാണു ദ്യുതി. താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ദ്യുതി ചന്ദ് വെളിപ്പെടുത്തല്‍ നടത്തിയത് ഇന്നലെ രാവിലെയാണ്. വര്‍ഷങ്ങളായി തന്റെ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് ദ്യുതി ചന്ദ് വ്യക്തമാക്കി. പെണ്‍കുട്ടി അടുത്ത ബന്ധു കൂടിയാണ്. അവള്‍ക്കൊപ്പമുള്ള ജീവിതം സ്വപ്നം കണ്ടു കൊണ്ടിരിക്കുകയാണു താനെന്നുമുള്ള ദ്യുതിയുടെ വെളിപ്പെടുത്തല്‍ എല്ലാവരേയും അമ്പരപ്പിച്ചിരുന്നു.
19 വയസുകാരിയായ പങ്കാളി രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. പങ്കാളിയുടെ പേര് വെളിപ്പെടുത്താന്‍ അവര്‍ തയാറായില്ല. മാതാപിതാക്കള്‍ ചക്രാധര്‍ ചന്ദും അഖുജി ചന്ദും തന്റെ ബന്ധത്തിനെ എതിര്‍ത്തിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ പങ്കാളിക്ക് എപ്പോള്‍ വേണമെങ്കിലും ബന്ധം അവസാനിപ്പിക്കാം. വിവാഹം കഴിച്ചു സാധാരണ ജീവിതം നയിക്കാനും താന്‍ എതിരു നില്‍ക്കില്ലെന്നു ദ്യുതി പറഞ്ഞു.
രാജ്യാന്തര അത്ലറ്റിക്സ് ഫെഡറേഷന്‍ ലിംഗ വിവാദത്തെത്തുടര്‍ന്ന് 2014-ല്‍ ദ്യുതിക്ക് ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ദ്യൂതിയുടെ ശരീരത്തില്‍ പുരുഷ ഹോര്‍മോണ്‍ ടെസ്റ്റോസ്റ്റെറോണിന്റെ ആധിക്യം കണ്ടതാണു വിലക്കിനു കാരണം. 2015-ല്‍ രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി ദ്യുതിക്ക് അനുകൂലമായി വിധിച്ചു. പിന്നാലെ ഫെഡറേഷന്‍ നിയമത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി.
ശരീരത്തിലെ പേശികള്‍ക്കു കരുത്തു കൂട്ടുന്ന ഹോര്‍മോണാണ് ടെസ്റ്റോസ്റ്റെറോണ്‍. വനിതകളില്‍ ടെസ്റ്റോസ്റ്റെറോണിന്റെ സാധാരണ അളവ് 2 നാനോമോള്‍സ് പെര്‍ ലിറ്ററാണ്. ടെസ്റ്റോസ്റ്റെറോണ്‍ കൂടുതലുള്ള വനിതകള്‍ 400 മീറ്ററിനു മുകളില്‍ മത്സരിക്കാന്‍ ചികിത്സാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ടെസ്റ്റോസ്റ്റെറോണിന്റെ നില കുറയ്ക്കണം.
100 മീറ്ററില്‍ ദേശീയ റെക്കോഡുകാരിയായ ദ്യുതി കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡല്‍ നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിനും ടോക്കിയോ ഒളിമ്പിക്സിനും യോഗ്യത നേടാനുള്ള പരിശീലനത്തിലാണ് 23 വയസുകാരിയായ ദ്യുതി.
സ്വവര്‍ഗാനുരാഗം നിയമലംഘനമാക്കുന്ന സെക്ഷന്‍ 377 നീക്കം ചെയ്തുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്ന് ദ്യുതി പറഞ്ഞു.
തന്റെ ആരാധികയായിരുന്ന അവര്‍ ദിവസവും വീട്ടില്‍ വരുമായിരുന്നുവെന്നും ഈ ചങ്ങാത്തമാണു പ്രണയത്തിലെത്തിച്ചതെന്നും ദ്യുതി വെളിപ്പെടുത്തി. താന്‍ അനുഭവിച്ച ദുരിതങ്ങള്‍ മനസിലാക്കിയതോടെയാണ് അവള്‍ കൂടുതല്‍ അടുത്തതത്രേ. ആരാധനയും പ്രണയവും മൂത്ത് കായിക താരമാകണമെന്നു പോലും അവള്‍ക്കു തോന്നിയിരുന്നതായി ദ്യുതി പറഞ്ഞു.
2016-ല്‍ ദ്യുതി സ്ഥാപിച്ച 11.24 സെക്കന്‍ഡാണ് 100 മീറ്റര്‍ ഓട്ടത്തിലെ ദേശീയ റെക്കോഡ്. 200 മീറ്റര്‍ ഓട്ടം 23.00 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞതും മറ്റൊരു നേട്ടമാണ്.
https://www.facebook.com/Malayalivartha