വാഴക്കൂമ്പ് കട്‌ലറ്റ്

കേരളത്തില്‍ വാഴ യഥേഷ്ടം കാണപ്പെടുന്നു. വാഴപ്പഴത്തിന്റെയും വാഴക്കൂമ്പിന്റെയും (വാഴച്ചുണ്ട്) വാഴപ്പിണ്ടിയുടെയും ഔഷധഗുണങ്ങള്‍ അറിയുമ്പോള്‍ ഇത് അക്ഷരാര്‍ഥത്തില്‍ പ്രകൃതിയുടെ വരദാനമെന്നു നമ്മള്‍ ഉറപ്പിച്ചുപറയും.
വാഴക്കൂമ്പില്‍ ധാരാളം നാരുകള്‍ (ഫൈബറുകള്‍) അടങ്ങിയിട്ടുള്ളതുകൊണ്ട് തന്നെ ആരോഗ്യത്തിനും, ദഹനത്തിനും ഏറെ നല്ലതാണ്. വാഴക്കൂമ്പിന്റെ നീര് ആന്റി ഓക്‌സിഡന്റാണ്. കോശങ്ങളുടെ സംരക്ഷണത്തിനു ഈ ആന്റി ഓക്‌സിഡന്റ് ഗുണകരമാണ് എന്നു തെളിഞ്ഞിട്ടുണ്ട്. ധാരാളം ജീവകങ്ങളും പ്രോട്ടീനും അടങ്ങിയിട്ടുള്ളതാണ് വാഴക്കൂമ്പ്. പരമ്പരാഗത വൈദ്യശാസ്ത്ര ചികിത്സയില്‍ വാഴക്കൂമ്പ് അള്‍സര്‍, ബ്രോങ്കൈറ്റീസ്, മലബന്ധം എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്നു. ക്യാന്‍സറിന് ഒരു കാരണമാകുന്ന ഫ്രീറാഡിക്കല്‍സിനെ വാഴച്ചുണ്ട്് നീര് തടയുന്നുണ്ട്്. അതുകൊണ്ടുതന്നെ ക്യാന്‍സറിന് ഒരു പ്രതിരോധമായും വാഴച്ചുണ്ട് മാറുന്നു.
വാഴക്കൂമ്പ് തോരനായും മറ്റും വയ്ക്കുമ്പോള്‍ അത്രപ്രിയമല്ലാത്തവര്‍ക്ക് ഈ കടല്റ്റ് പ്രിയതരമാകും. സസ്യഭുക്കുകളെ നോണ്‍ വെജ് കട്‌ലറ്റിന്റെ രുചി (മട്ടണ്‍ കട്‌ലറ്റിന്റേതുപോലെ) അനുഭവിപ്പിക്കുന്നു ഈ വാഴക്കൂമ്പ് കട്‌ലറ്റ്.
ചേരുവകള്‍
വാഴക്കൂമ്പ് (ചുണ്ട്്) : ഒന്ന്
ഉരുളക്കിഴങ്ങ് വേവിച്ചത്: അരക്കിലോ
സവാള : രണ്ട് എണ്ണം
പച്ചമുളക് : മൂന്ന്
ഇഞ്ചി : ഒരു കഷണം
വെളുത്തുള്ളി : നാല് അല്ലി
മല്ലിയില, പുതിനയില, കറിവേപ്പില: ഓരോ തണ്ട് വീതം
കുരുമുളക് പൊടി : അര ടി സ്പൂണ്‍
ഗരംമസാല: അര ടിസ്പൂണ്‍
ബ്രഡ് പൊടിച്ചത് : മൂന്ന് ടേബിള്‍ സ്പൂണ്‍ (കുഴയ്ക്കുവാന്‍)
ബ്രഡ് പൊടിച്ചത് : കട്‌ലറ്റ് ഉരുളകളുടെ പുറമേ വിതറാന്‍ ആവശ്യാനുസരണം.
ഉപ്പ് ആവശ്യത്തിന്
പാചകരീതി
വാഴക്കൂമ്പ് കൊത്തി അരിഞ്ഞ് തയ്യാറാക്കുക. (സാധാരണ വാഴക്കൂമ്പ് കൊണ്ട്് തോരന്‍ പാചകം ചെയ്യുന്ന രീതിയില്‍) അല്പം വെളിച്ചെണ്ണ പുരട്ടി വയ്ക്കുക. ഇനി ഒരു കട്ടിയുള്ള പാത്രത്തിലോ ചീനച്ചട്ടിയിലോ അരിഞ്ഞ വാഴക്കൂമ്പിട്ട് അതില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.
ഇതിന് ശേഷം സവാള തീരെ ചെറുതായി അരിയുക. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില, കറിവേപ്പില, പുതിനയില എന്നിവയും ചെറുതായി അരിയണം. തുടര്‍ന്ന് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചെറുതായി നുറുക്കിവച്ച സവാളയും, പച്ചമുളകും ഇഞ്ചിയും മല്ലിയിലയും മറ്റും വഴറ്റുക. ഇതില്‍ വേവിച്ച കൂമ്പിട്ട് വഴറ്റിയശേഷം കുരുമുളകുപൊടിയും ഗരം മസാലപ്പൊടിയും ഇട്ട് വീണ്ടും വഴറ്റുക. തുടര്‍ന്ന് ഉടച്ച ഉരുളക്കിഴങ്ങിട്ട് നന്നായി കുഴയ്ക്കുക.
ഇതിലേക്ക് മൂന്ന് ടേബിള്‍ സ്പൂണ്‍ (അല്ലെങ്കില്‍ ആവശ്യാനുസരണം) ബ്രഡിട്ട് നന്നായി കുഴയ്ക്കണം. ബ്രഡ് പൊടി അധികമാകാന്‍ പാടില്ല. ഈ കൂട്ട് തണുത്തശേഷം ഉരുളകളാക്കുക. ഉരുളകള്‍ മുക്കിപ്പൊരിക്കുവാന്‍ കോണ്‍ഫ്‌ളവര്‍ കലക്കിയതോ, മൈദയോ, മുട്ടയോ ഉപയോഗിക്കാം. ഇവയില്‍ ഏതെങ്കിലും ഒന്നില്‍ മുക്കിയശേഷം അല്പം ബ്രഡ് പൊടിയില്‍ ഉരുട്ടിയെടുക്കുക. (ബ്രഡ് ചെറുതായി മുറിച്ച് മിക്‌സിയില്‍ പൊടിച്ചാണ് തയാറാക്കുന്നത്)
ഉരുളകള്‍ കൈയില്‍വച്ച് പരത്തിയശേഷം എണ്ണയില്‍ വറുത്ത് കോരുക. അതീവ സ്വാദിഷ്ടവും ഗുണകരവുമായ വാഴക്കൂമ്പ് കട്‌ലറ്റ് തയ്യാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha