കഥപറയും കാടും കാട്ടാറും

ദൈവത്തിന്റെ വരദാനം എന്നറിയപ്പെടുന്ന ആറളം വന്യജീവി സംരക്ഷണ കേന്ദ്രം. ആദിവാസികളുടെ കുടികിടപ്പ് ഭൂമിയായതു കൊണ്ടാകണം പ്രകൃതി അതിന്റെ കനകകാന്തി മുഴുവനും ചേര്‍ത്ത് വെച്ച് തന്റെ മക്കൾക്കുവേണ്ടി ഇവിടം ഒരുക്കിയിരിക്കുന്നതെന്ന് തോന്നിപോകും .
കാടിനെ അറിയണമെങ്കിൽ പത്തു പന്ത്രണ്ടു കിലോമീറ്ററെങ്കിലും കാടിന്റെ ഉള്ളിലേക്ക് പോകണം. ട്രക്കിങ്ങിനു പറ്റിയ സ്ഥലമാണിത്. 55 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ആന,കാട്ടുപോത്ത്, മ്ലാവ്,കേഴമാന്‍,,കാട്ടുപന്നി,കാട്ടുനായ്,കടുവ, വിവിധ തരം കുരങ്ങുകള്‍,കുട്ടിതേവാങ്ക്, തുടങ്ങി വിവിധ ഇനം മൃഗങ്ങളുംപക്ഷികളും ഉണ്ട് ഇവിടെ. കൂറ്റൻ മരങ്ങൾ ആരുടേയും ശ്രദ്ധ ആകർഷിക്കുന്നവയാണ്.
1984 ല്‍ ആണ് ഈ വന്യജീവിസങ്കേതം രൂപികരിക്കപ്പെട്ടത്. വളപട്ടണം പുഴയുടെ പ്രധാന നീര്‍ച്ചാലായ ചീങ്കണ്ണിപ്പുഴയുള്‍പ്പെടെ നിരവധി ചെറുതും വലുതുമായ അരുവികളും തോടുകളും ഈ വന്യജീവിസങ്കേതത്തിനുള്ളിലൂടെയും അതിരുകളിലൂടെയും ഒഴുകിയിറങ്ങുന്നു.
ഡിസംബർ -ജനവരി മാസങ്ങളിലാണ് ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം .ശലഭ നിരീക്ഷകർക്കും ജന്തുശാസ്ത്രജ്ഞർക്കും മാത്രമല്ല ഏതൊരു സഞ്ചാരിയുടെയും മനം കുളിർപ്പിക്കുന്ന വിസ്മയകാഴ്ചയാണിത്. ചീങ്കണ്ണിപ്പുഴയുടെ തീരത്തുകൂടെ പോകുന്ന ആയിരകണക്കിന് ചിത്ര ശലഭങ്ങളാണ് പറന്നു പോകുന്നത്. കുടക്മല നിരകളിൽ നിന്നുമാണത്രെ ഈ ശലഭങ്ങൾ വരുന്നത്. ഒരു മിനുട്ടിൽ 40 മുതൽ 140 വരെ ആൽബട്രോസ്സ് ശലഭങ്ങൾ പുഴയോരത്തുകൂടെ കടന്നു പോയതായി രേഖപ്പെടുത്തിയിട്ടുണ്ട് -
ഫോറസ്‌റ്റ് ഗാര്‍ഡുമാരുടെ അനുവാദം മുന്‍കൂറായി വാങ്ങിയാൽ കാട്ടിനുള്ളിലെ വാച്ച് ടവറില്‍ ഒരു ദിവസം താമസിച്ച് കാടിനെ അടുത്തറിയാം.
തലശ്ശേരിയില്‍ നിന്ന് 35 കിലോമീറ്ററും, കണ്ണൂര്‍ പട്ടണത്തില്‍ നിന്നു 60 കിലോമീറ്ററും ദൂരമാണു ഇവിടേയ്ക്ക്. പ്രവേശന ഫീസ് 15 രൂപയാണ്. സെപ്‌തംബര്‍ മുതൽ മേയ് വരെ സീസണാണ് . രാവിലെ 8 മണി മുതൽ വൈകീട്ട് 4 മണിവരെയാണ് സന്ദർശകരെ അനുവദിക്കുന്നത്.
കണ്ണൂര്‍ കോട്ട ,പഴശി പ്രോജക്‌ട്,കൊട്ടിയൂര്‍ ക്ഷേത്രം ,പറശിനിക്കടവ് ക്ഷേത്രം തുടങ്ങിയവയാണ് അടുത്തുള്ള ആകർഷണ കേന്ദ്രങ്ങൾ.
https://www.facebook.com/Malayalivartha