1957 ല്‍ ആരംഭിച്ച തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്

വൈക്കം: തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മ്മാണം അന്തിമഘട്ടത്തിലേക്ക്. ബണ്ടിന്റെ മൂന്നാംഘട്ടത്തില് 28 ഷട്ടറുകളാണ് സ്ഥാപിക്കുന്നത്. ഷട്ടറുകള്‍ സ്ഥാപിക്കുന്ന ജോലി തുടങ്ങി. ഇതിനായി സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഷട്ടറുകളാണ് ഉപയോഗിക്കുന്നത്. ബണ്ടിന്റെ വിനോദസഞ്ചാരസാധ്യതകള്‍ കണക്കിലെടുത്ത് ഇരുഭാഗങ്ങളിലുമായി കൃത്രിമ തുരുത്തുകളുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്. നിലവില്‍ ഇവിടെ മണ്‍ചിറയാണുള്ളത്. ഇത് കായലിന്റെ സ്വാഭാവികമായ ഒഴുക്കിന് തടസമാണ്. അതിനാല്‍ നിലവില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന മണ്‍ചിറ പൊളിച്ചുമാറ്റും. ബണ്ടിന്റെ പാലം ഗതാഗതത്തിന് അനുയോജ്യമായ തരത്തില്‍ പൂര്‍ത്തിയാക്കി. ടാറിങും കഴിഞ്ഞു.
തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മ്മാണം 1957ലാണ് ആരംഭിച്ചത്. പദ്ധതിയുടെ ഒന്നാംഘട്ടം തണ്ണീര്‍മുക്കത്തുനിന്നാണ് ആരംഭിച്ചത്. രണ്ടാംഘട്ടം വെച്ചൂര് ഭാഗത്തുനിന്നും. രണ്ടാംഘട്ടം 1975 ല്‍ പൂര്‍ത്തിയായി. നാല് പതിറ്റാണ്ടിനുശേഷമാണ് അവസാനഘട്ടത്തിന്റെ നിര്‍മ്മാണം ഇപ്പോള്‍ ആരംഭിച്ചത്. നേരത്തെ പൂര്‍ത്തിയായ രണ്ട് ബണ്ടുകളെയും കൂട്ടിയോജിപ്പിച്ചാണ് മൂന്നാംഘട്ടം......
കുട്ടനാട് പാക്കേജില്‍പ്പെടുത്തി മൂന്നാംഘട്ടത്തിന് 200 കോടിയാണ് അനുവദിച്ചത്. വേമ്പനാട് കായലിന് കുറുകെയുള്ള തണ്ണീര്‍മുക്കം ബണ്ടിന് 1.25 കിലോമീറ്ററോളം ദൂരമുണ്ട്. ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്ന പാലത്തിന് നടുക്കായി ബോട്ടുകള്‍ കടന്നുപോകുന്നതിനുള്ള ലോക്കും സ്ഥാപിച്ചിട്ടുണ്ട്. നിലവിലുള്ള രണ്ട് ലോക്കുകളെക്കാളും വലുതാണ് ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്. ദേശീയ ജലപാതയുടെ ഭാഗമായുള്ള ഇതിലൂടെ വലിയ ബാര്‍ജുകളും കടന്നുപോകാന്‍ കഴിയും. കാര്‍ഷികമേഖലയിലേക്ക് ഓരുവെള്ളം കയറുന്നത് തടയാന്‍ വേണ്ടിയാണ് കായലിനു കുറുകെ ബണ്ട് നിര്‍മ്മിച്ചത്.
https://www.facebook.com/Malayalivartha