1300 അടി ഉയരത്തിലെ കണ്ണാടി ലോഡ്ജ്; സാഹസികതയും സൗന്ദര്യവും ഒരുപോലെ ആസ്വദിക്കാം
പ്രഭാതങ്ങൾ എന്നും സുന്ദരങ്ങളാണ്. നനുത്ത പ്രഭാതത്തിൽ ഉറക്കമുണരുമ്പോൾ നല്ല കാഴ്ചകൾ കാണാൻ ആയാൽ ആ ദിവസം മുഴുവൻ നമ്മൾ നല്ല എനെർജിറ്റിക് ആയിരിക്കും. എന്താ ശരിയല്ലേ? നല്ല കാഴ്ചകൾ കണ്ണിനു മാത്രമല്ല മനസിനും കുളിരു പകരുന്നു. പണ്ട് കാലത്തു കാഴ്ച അഥവാ കണി, എതിപ്പ് എന്നിവക്കൊക്കെ വളരെയേറെ പ്രാധാന്യം കല്പിച്ചിരുന്നു. മലഞ്ചെരിവുകളും തടാകങ്ങളും കണികണ്ടുണരാൻ പ്രകൃതി സ്നേഹികൾക്ക് മാത്രമല്ല നമുക്കെല്ലാവർക്കും ഇഷ്ടമാണ്. പ്രകൃതിയെയും സാഹസികതയെയും ഒരുപോലെ പ്രണയിക്കുന്നവർക്ക് ഇതാ ഒരിടം.
കിഴുക്കാം തൂക്കായ മലഞ്ചെരുവുകളിൽ തൂക്കിയിട്ടിരിക്കുന്ന സ്ഫടിക നിർമിത കമ്പാർട്ടുമെന്റുകളിൽ ഒരു ദിവസം താമസിച്ചാലോ. പ്രകൃതിയുടെ ഓരോ സ്പന്ദനവും നമുക്കു അടുത്തറിയാൻ കഴിയും. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഇനി അങ്ങോട്ട് പോകാം. അവിടുത്തെ പ്രത്യേകതകൾ എന്തൊക്കെ എന്ന് നോക്കാം.
ഈ മനോഹര സ്ഫടിക ലോഡ്ജ് സ്ഥിതി ചെയ്യുന്നത് പെറുവിലെ സേക്രഡ് പർവ്വതനിരയിലാണ്. ഈ പർവത നിരയെപ്പറ്റി പറയുവാണേൽ നമ്മൾ "ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി...." എന്ന പാട്ടൊന്നു പാടിപ്പോകും. അത്രക്കും ആരെയും ആകർഷിക്കുന്ന പ്രകൃതി ഭംഗിയാണ് ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത. സുന്ദരമായ കാഴ്ചകളാൽ മുഖരിതമായ മലയടിവാരങ്ങളും മേഘക്കൂട്ടങ്ങളെ ചുംബിക്കാൻ തയ്യാറായി നിൽക്കുന്ന കൊടുമുടി ശൃംഗങ്ങളും സമ്മാനിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാൻ ആവില്ല.
ആകാശത്തും അല്ല ഭൂമിയിലും അല്ല എന്ന് ചില സന്ദർഭത്തിൽ നമ്മൾ പറയാറുണ്ട്. എന്നാൽ ഈ കമ്പാർട്ടുമെന്റുകളിലെ താമസം ആ പറച്ചിലിനെ അന്വർത്ഥമാക്കുന്നു. ഭൂമിക്കും ആകാശത്തിനുമിടയിലെ കാഴ്ചകൾ എല്ലാം തന്നെ ഇത്രേം മനോഹരമാണെന്നു നമുക്ക് കാട്ടി തരുന്ന ഈ കണ്ണാടി ലോഡ്ജുകളിൽ താമസിക്കുക എന്ന് പറയുന്നത് ജീവിതത്തിൽ ലഭിക്കുന്ന അസുലഭ മുഹൂർത്തമായിരിക്കും എന്ന കാര്യം ഉറപ്പ്.
ഈ മനോഹാരിത ആസ്വദിക്കണമെങ്കിൽ അവിടെ എത്തിച്ചേരണം. അവിടെ എത്തിച്ചേരണമെങ്കിൽ അല്പം സാഹസികതയൊന്നും പോരാ. എട്ട് അടി നീളമുള്ള 24 ലോഡ്‌ജുകളാണ് അതിഥികൾക്ക് താമസിക്കാനായി ഒരുക്കിയിരിക്കുന്നത്. എന്നാൽ 400 മീറ്റർ കുത്തനെയുള്ള മലഞ്ചെരിവ് കയറിയെങ്കിൽ മാത്രമേ ഇവിടെ എത്തിച്ചേരാനാകൂ. എത്തിച്ചേർന്നാൽ പിന്നെ മലകയറ്റത്തിന്റെ ആയാസമെല്ലാം പമ്പ കടക്കും. അത്രക്കും സൗകര്യങ്ങളാണ് ഈ ലോഡ്ജുകളിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. നാല് ബെഡുകളും, ഭക്ഷണം കഴിക്കാനിരിക്കാനുള്ള ഒരു പ്രത്യേകയിടവും ബാത്റൂമുമെല്ലാം ഇതിനുള്ളിൽ അതിഥികൾക്കായി സജ്ജമാക്കിയിട്ടുണ്ട്.
മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് അവർ പ്രതീക്ഷിക്കുന്നതിലും മികച്ച ദൃശ്യാനുഭൂതി സമ്മാനിക്കാനായതിൽ ഏറെ ആഹ്ലാദത്തിലാണ് ഇതിന്റെ അമരക്കാർ.
മനോഹരമായ ആശയത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് ഇവിടുത്തെ മാനേജർ കൂടിയായ നതാലിയ റോഡ്രിഗസ് പറയുന്നത്. എയ്റോസ്പേസ് അലുമിനിയവും കാലാവസ്ഥയെ പ്രതിരോധിക്കുന്ന പോളികാർബണേറ്റുമാണ് നിര്‍മാണസാമഗ്രികൾ. ഇവ ഇത്രേം ഉയരത്തിൽ എത്തിക്കുക എന്നത് ഭഗീരഥ പ്രയത്നം തന്നെ ആയിരുന്നു. നനുത്ത മഞ്ഞിൽ ആകാശം നോക്കിയുള്ള ഉറക്കം ഒരിക്കലും മറക്കാനാവാത്ത അനുഭവം തന്നെയായിരിക്കും സമ്മാനിക്കുക.
പ്രകൃതിയെ സ്നേഹിക്കുന്നവർക്കും വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കും അവധി ദിനങ്ങൾ പ്രകൃതിയുടെ മടിത്തട്ടിൽ ചെലവഴിക്കാൻ ഈ കണ്ണാടി ലോഡ്ജുകൾ തിരഞ്ഞെടുക്കാവുന്നതാണ്. രണ്ടു നേരത്തെ ആഹാരം ഉൾപ്പെടെ ഇവിടെ ഒരു രാത്രി ചെലവിടാൻ 400 ഡോളർ മാത്രമാണ് ചെലവ്. പകലുകൾ ചെലവഴിക്കാൻ വരുന്നവർക്ക് ഉച്ചഭക്ഷണമുൾപ്പെടെ 237 ഡോളറാണ് ഈടാക്കുന്നത്. സേക്രഡ് പർവതത്തിൽ പ്രകൃതി തീർത്തിരിക്കുന്നു വിസ്മയ കാഴ്ചകൾ കാണാനും ആസ്വദിക്കാനും ഈ കണ്ണാടി ലോഡ്ജുകൾ യാത്രികരെ സഹായിക്കും. സാഹസികരേ ഇനി ഇവിടേക്കാകട്ടെ നിങ്ങളുടെ അടുത്ത കാൽവെയ്പ്പ്. എല്ലാ ഭാവുഹങ്ങളും നേരുന്നു.
https://www.facebook.com/Malayalivartha