മുല്ലപ്പെരിയാറിന്റെ നിലവിലെ അപകടകരമായ സ്ഥിതിവിശേഷത്തെ കുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനോട് റോബിൻ:- മൈക്ക് സ്വീകരിച്ച് പൊടുന്നനെ ഇപിയുടെ പ്രതികരണം...

മുല്ലപ്പെരിയാറിന്റെ നിലവിലെ അപകടകരമായ സ്ഥിതിവിശേഷത്തെ കുറിച്ച് വ്യക്തമാക്കുന്ന ന്യൂയോർക്ക് ടൈംസിന്റെ ലേഖനം ആശങ്കകൾക്ക് ഇടവയ്ക്കുന്നതാണ്. ഇപ്പോഴിതാ ഈ വിഷയം എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. ബിസിനസ് കേരള മാഗസിന്‍റെ പുരസ്കാരദാന ചടങ്ങില്‍ വച്ചാണ് മുല്ലപ്പെരിയാര്‍ വിഷയം റോബിന്‍ വേദിയിലുണ്ടായിരുന്നു ഇ പി ജയരാജന്‍റെ ശ്രദ്ധയില്‍ പെടുത്തിയത്. "എനിക്ക് ഇ പി ജയരാജന്‍ സാറിനോട് ഒരു അപേക്ഷയുണ്ട്.
ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മുല്ലപ്പെരിയാര്‍ ഡാം കുറച്ച് റിസ്ക് ഏരിയയില്‍ ആണെന്ന് പറയുന്നുണ്ട്. ഇടുക്കി, തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബാധിക്കുമെന്ന് കേട്ടു. ഞാന്‍ തിരുവനന്തപുരംകാരനാണെങ്കിലും എറണാകുളത്താണ് താമസിക്കുന്നത്. ഈയൊരു കാര്യത്തില്‍ ടെന്‍ഷന്‍ ഉണ്ട്. ചികിത്സയേക്കാള്‍ നല്ലത് പ്രതിരോധമാണെന്ന് ഒരു ഡോക്ടര്‍ എന്ന നിലയില്‍ പറയാറുണ്ട്. ഒരു പ്രശ്നം വന്ന് അത് പരിഹരിക്കുന്നതിനേക്കാള്‍ നല്ലത് മുന്‍കൂര്‍ ആയി അതിന് എന്തെങ്കിലും നടപടി എടുത്തുകഴിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും സ്വസ്ഥമായി ഉറങ്ങാന്‍ പറ്റുമായിരുന്നു", റോബിന്‍ പറഞ്ഞു.
എന്നാല്‍ മൈക്ക് സ്വീകരിച്ച് പൊടുന്നനെ ഇപിയുടെ പ്രതികരണവും വന്നു- "ഒരു ടെന്‍ഷനും വേണ്ട. കേരളം സുരക്ഷിതമാണ്. ഇടതുപക്ഷ സര്‍ക്കാര്‍ ഇവിടെയുണ്ട്. പൂര്‍ണ്ണമായും നിങ്ങള്‍ക്ക് വിശ്വസിക്കാം. ഒരു കുഴപ്പവും കേരളത്തില്‍ ഉണ്ടാവില്ല. ഐശ്വര്യമായി ഇരിക്കും", ഇ പി ജയരാജന്‍ പറഞ്ഞു.
ലിബിയയിലെ അണക്കെട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍റര്‍നാഷണല്‍ റിവേഴ്സ് ഡയറക്ടര്‍മാരായ ജോഷ് ക്ലെമ്മും ഇസബെല്ല വിങ്ക്ലറും ചേര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ലോകത്തിലെ അപകടകരമായ അണക്കെട്ടുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി പരാമര്‍ശിച്ചിരിക്കുന്നത്.
മഴ കനക്കുകയും കാലാവസ്‌ഥാ വ്യതിയാനം സംസ്‌ഥാനത്തെ വലിയ തോതില്‍ ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാര്‍ വീണ്ടും ആഗോളതലത്തില്‍ ചര്‍ച്ചയായി മാറുന്നത്. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ പ്രശ്‌നങ്ങള്‍ കേരളം സുപ്രീം കോടതിയെ ധരിപ്പിച്ചിരുന്നു. എന്നാല്‍, അന്ന് എല്ലാം തമിഴ്‌നാടിന് അനുകൂലമാകുന്ന സ്‌ഥിതിയാണ് ഉണ്ടായത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡോ. ജോ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോള്‍ കോടതിയിലുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഭൂകമ്പ ബാധിത പ്രദേശത്താണ് സ്‌ഥിതിചെയ്യുന്നതെന്നു ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടായി അണക്കെട്ട് തകര്‍ന്നാല്‍ താഴ്‌വാരത്തു താമസിക്കുന്ന ഏകദേശം 35 ലക്ഷം ആളുകളെ ഒഴുക്കിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നു.
അടുത്തിടെ ലിബിയയില്‍ പഴക്കം ചെന്ന രണ്ടു ഡാമുകള്‍ തകര്‍ന്ന് വലിയ തോതില്‍ ആളപായമുണ്ടായ പശ്‌ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇന്ത്യയ്‌ക്കു മുന്നറിയിപ്പ് നല്‍കുന്നത്. അവിടെ 3,000 ആളുകളാണ് മരണപ്പെട്ടതെങ്കില്‍ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ 35 ലക്ഷം പേരെ അതു ബാധിക്കുമെന്നു ലേഖനം പറയുന്നു.
ആധുനിക ഡാം നിര്‍മ്മാണ സങ്കേതങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പ് 1895ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചത്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ അപകട സാധ്യത മുല്ലപ്പെരിയാറിനാണ്. യു.എന്‍ നടത്തിയ പഠനവും മുമ്പ് ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലിബിയയിലേത് തടയാന്‍ കഴിയുന്ന ദുരന്തമായിരുന്നു. ഒരു വര്‍ഷംമുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ലോകത്തു നിരവധി അണക്കെട്ടുകള്‍ കാലാവസ്‌ഥാ വ്യതിയാനത്തില്‍ വലിയ അപകടം നേരിടുന്നുണ്ട്.
അവയില്‍ ഏറെയും ഇന്ത്യയിലും ചൈനയിലുമാണ്. അതില്‍തന്നെ ഏറ്റവും അപകടകരമായ സ്‌ഥിതിയിലുള്ളതാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട്. ഈ അണക്കെട്ട് എപ്പോള്‍ വേണമെങ്കിലും അപകടത്തിൽപ്പെടാം. കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിന് 100 വർഷത്തിലേറെ പഴക്കമുണ്ട്, പ്രത്യക്ഷത്തിൽ തന്നെ കാണാനാവുന്ന കേടുപാടുകൾ മുല്ലപ്പെരിയാർ ഡാമിന് സംഭവിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കാലപ്പഴക്കം ചെന്ന അണക്കെട്ടുകളിൽ നിന്നുള്ള അപകടസാധ്യതകൾ കൂടുതൽ ആശങ്ക ഉയർത്തന്നവയാണ്. നിർമ്മാണസമയത്ത് സങ്കൽപ്പിക്കാൻ കഴിയുന്നഏറ്റവും മോശം സാഹചര്യങ്ങളെ ചെറുക്കുന്ന തരത്തിലാണ് ഡാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ, കാലാവസ്ഥയിൽ വരുന്ന മാറ്റം അണക്കെട്ടുകളെ ദുർബലമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha