കൂണ്‍ കൃഷി ചെയ്യാം

വൈക്കോലും അറക്കപൊടിയും ഉപയോഗിച്ചാണ് കൂണ്‍ ബഡുകള്‍ തയാറാക്കുന്നത്. വെള്ളത്തില്‍ കുതിര്‍ത്താണ് വൈക്കോലും അറക്കപൊടിയും ഉപയോഗിക്കുന്നത്. കുതിര്‍ത്ത വൈക്കോല്‍ 45 മിനിട്ട് തിളച്ച വെള്ളത്തിലോ ആവിയിലോ പുഴുങ്ങിയെടുത്ത് ജലം വാര്‍ന്ന് പോകുന്നതിന് സജ്ജമാക്കുക. . അണുനശീകരണം നടത്തിയ വൈക്കോല്‍ നല്ലതു പോലെ വെള്ളം വാര്‍ത്തുകളഞ്ഞതിനു ശേഷം കവറില്‍ നിറക്കാം. പിഴിഞ്ഞാല്‍ വെള്ളം തുള്ളിയായി ഇറ്റു വീഴാത്ത പരുവത്തിലായാല്‍ വൈക്കോല്‍ എടുത്ത് വട്ടത്തില്‍ ചുമ്മാടുകള്‍ (തിരിക) ആക്കി വയ്ക്കണം. രണ്ട് അടി നീളവും ഒരടി വീതിയുമുള്ള പോളിത്തീന്‍ കവറുകളില്‍ ഇവ നിറക്കുക. പോളിത്തീന്‍ കവറില്‍ ആദ്യം ഒരു ലെയര്‍ വൈക്കോല്‍ നിറക്കുക. തുടര്‍ന്ന് ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേര്‍ത്തിടുക. അതിനു ശേഷം അടുത്ത അട്ടി വൈക്കോല്‍ കവറില്‍ നിറക്കുക. വീണ്ടും ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേര്‍ത്തിടുക. വൈക്കോല്‍ നിറക്കുമ്പോള്‍ ഇടയില്‍ വിടവ് വീഴാതിരിക്കാന്‍ കൈകൊണ്ട് അമര്‍ത്തി കൊടുക്കണം ഇങ്ങനെ നാലു ലെയര്‍ വൈക്കോലിന് നാല് പിടി വിത്ത് ഉപയോഗിച്ച് ഒരു കവര്‍ നിറക്കാം. ഇതിനു ശേഷം കൂണ്‍ബെഡ് പോളിത്തീന്‍ കവറിന്റെ തുറന്ന അറ്റം ചരടോ, റബര്‍ബാന്‍ഡോ ഇട്ടു കെട്ടിവയ്ക്കണം. അതിനു ശേഷം സൂചി ഉപയോഗിച്ച് ഈ ബെഡില്‍ കുറച്ച് തുളകളുണ്ടാക്കുക.
ബെഡ് വായുസഞ്ചാരമുള്ളതും അധികം വെളിച്ചം കടക്കാത്തതുമായ മുറിയില്‍ ഉറിയിലോ മറ്റോ തൂക്കിയിടുക. 15-20 ദിവസം കഴിയുമ്പോള്‍ കൂണ്‍ തന്തുക്കള്‍ വളരാന്‍ തുടങ്ങും. ഈ സമയത്ത് ഒരു ബ്ലേഡുപയോഗിച്ച് കൂണ്‍ ബെഡില്‍ ചെറിയ കീറലുകള്‍ നല്‍കണം. തുടര്‍ന്ന് മുറിയില്‍ വെളിച്ചം അനുവദിക്കുക. എല്ലാ ദിവസവും ചെറിയ ഹാന്‍സ്‌പ്രേയര്‍ ഉപയോഗിച്ച് ബെഡുകള്‍ നനച്ചു കൊടുക്കണം. നാലോ അഞ്ചോ ദിവസം കഴിയുമ്പോള്‍ ആദ്യ വിളവെടുപ്പ് നടത്താം. കൂണ്‍ വിളവെടുക്കുമ്പോള്‍ ചുവടുഭാഗം പിടിച്ച് തിരിച്ചാല്‍ പറിച്ചെടുക്കാന്‍ എളുപ്പമുണ്ടാകും. ഒരാഴ്ചക്കകം അടുത്ത വിളവെടുപ്പും നടത്താം. പ്ലാസ്റ്റിക് പാത്രങ്ങളിലും ഇങ്ങനെ തന്നെ ചെയ്യാന്‍ സാധിക്കും. പ്ലാസ്റ്റിക് പാത്രങ്ങളില്‍ തുള ഇട്ടത്തിനുശേഷം ഈ തുള സെലോടെപ്പ് ഉപയോഗിച്ച് അടച്ച് സൂചി കൊണ്ട് ചെറിയതുളകള്‍ നല്കണം. പ്രാണികളും മറ്റും കയറാതെ ഇരിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. 15 ദിവസം ആകുമ്പോള്‍ സെലോടെപ്പ് പൊളിച്ച് മാറ്റിയാല്‍ കൂണുകള്‍ പുറത്തേക്കുവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























