ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടും...
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ അലർട്ട്. നാളെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ഓഗസ്റ്റ് 30 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്നുള്ള മേഖലയിലാണ് ന്യൂനമര്‍ദം രൂപപ്പെടുക. തുടർന്ന് രണ്ടു ദിവസത്തിനകം ഈ ന്യൂനമര്‍ദം തെക്കന്‍ ഒഡിഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശും ലക്ഷ്യമാക്കി നീങ്ങാനാണ് സാധ്യത. കേരളത്തിൽ ഇന്ന് മുതൽ സാധാരണതോതിൽ മഴ ലഭിച്ചു തുടങ്ങും. വ്യാഴം, വെള്ളി ദിവസങ്ങളിൽ വടക്കൻ കേരളത്തിലും മധ്യ ജില്ലകളിലും മഴ ലഭിക്കും. തുടർന്നുള്ള ദിവസങ്ങളിൽ തെക്കൻ കേരളത്തിലും മഴയുണ്ടാകും. എന്നാൽ തുടർച്ചയായി അതിശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. തീവ്രമായ സാധ്യതയും കുറവാണ്.
വടക്കൻ ജില്ലകളിൽ വൈകുന്നേരങ്ങളിൽ കിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ മഴ സാധ്യത. ഒറ്റപ്പെട്ട പ്രദേശങ്ങളിലാവും മഴ ലഭിക്കുക. മലയോര മേഖലകളിൽ ഇത്തരം മഴ ലഭിക്കാനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ട്. ഗുജറാത്ത് മുതൽ കേരളം വരെ നീളുന്ന തീരദേശ ന്യൂനമർദ്ദ പാത്തി (offshore trough), അതോടൊപ്പം സൗരാഷ്ട്ര, കച്ച് മേഖലകൾക്ക് മുകളിൽ തുടരുന്ന അതി തീവ്ര ന്യൂനമർദ്ദം (Deep Depression), മധ്യ മധ്യപ്രദേശിന് മുകളിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദം എന്നിവയാണ് ഇപ്പോഴത്തെ അന്തരീക്ഷസ്ഥിതി. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 2024 ഓഗസ്റ്റ് 29 മുതൽ 31 വരെയും; കർണാടക തീരത്ത് 31 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 29/08/2024 മുതൽ 31/08/2024 വരെ: കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
27/08/2024 മുതൽ 31/08/2024 വരെ: കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്.
https://www.facebook.com/Malayalivartha