നൂറുമേനി വിളയിക്കാം ഹൈടെക്കിലൂടെ

വളരെ ശാസ്‌ത്രീയവും ഉത്‌പാദനക്ഷമത കൂടിയതുമായ ഈ കൃഷിരീതിയുടെ പ്രോത്സാഹനാര്‍ത്ഥം മുതല്‍മുടക്കിന്റെ 75 ശതമാനം വരെ സര്‍ക്കാര്‍ സബ്‌സിഡി പോലും നല്‌കിവരുന്നു. രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കേണ്ടതേയില്ല എന്നതാണിന്റെ മേന്മ. ഉത്‌പാദനക്ഷമത സാധാരണകൃഷിയെക്കാള്‍ എട്ടു മുതല്‍ പത്ത് ഇരട്ടിവരെയും. വരുമാനത്തിലും സ്വാഭാവികമായും ആ വ്യത്യാസം ഉണ്ട്. ടെറസിന്റെ മുകളിലെ ചെറിയ വിസ്‌തൃതിയില്‍ സ്ഥാപിച്ചിരിക്കുന്ന നൂറുകണക്കിനു ഗ്രീന്‍ഹൗസ് ഫാം യൂണിറ്റുകള്‍ ഇന്നു സംസ്ഥാനത്തുണ്ട്. ഇത്തരത്തിലുള്ള വലിയ വലിയ പദ്ധതികളും, പ്രചാരവേഗത അല്‌പം കുറവാണെങ്കിലും പൊന്തിവരുന്നുണ്ട്. ഭക്ഷ്യവസ്‌തുക്കള്‍, അതില്‍ തന്നെ പച്ചക്കറിയാണ് ഈ കൃഷിരീതിയിലൂടെ എണ്‍പതുശതമാനവും ഉത്‌പാദിപ്പിക്കപ്പെടുന്നത്. സൂര്യനില്‍ നിന്നു പ്രധാനമായും മൂന്നുതരം പ്രകാശകിരണങ്ങളാണു പുറപ്പെട്ടുവരുന്നത്. അള്‍ട്രാവയലറ്റ് കിരണങ്ങള്‍, ഇന്‍ഫ്രാറെഡ് കിരണങ്ങള്‍, സാധാരണ പ്രകാശകിരണങ്ങള്‍. ഇതില്‍ ആദ്യത്തെ രണ്ടുതരം കിരണങ്ങള്‍ മനുഷ്യനും സസ്യജാലങ്ങള്‍ക്കും ഹാനികരമാണ്. ഗ്രീന്‍ഹൗസ് ഫാമിംഗില്‍ ഹാനികരമായ സൂര്യകിരണങ്ങളെ തടയുകയും സാധാരണ പ്രകാശകിരണങ്ങളെ മാത്രം ഉള്ളിലേക്കു കടത്തിവിടുകയുമാണു ചെയ്യുന്നത്. സാധാരണ കൃഷിയാകുമ്പോള്‍ മുകള്‍ഭാഗത്തുള്ള ഏതാനും ഇലകള്‍ക്കു മാത്രമാണു സൂര്യപ്രകാശം ലഭ്യമാകുന്നത്. എന്നാല്‍, ഗ്രീന്‍ഹൗസ് ഫാമുകളില്‍ മുകള്‍ഭാഗത്തുള്ള ആവരണത്തില്‍ തട്ടി പ്രകാശകിരണങ്ങള്‍ ചിതറുന്നതിനാല്‍ ചെടികളുടെ താഴെഭാഗത്തുള്ള ഇലകള്‍ക്കും ഒരേ അളവില്‍ സൂര്യപ്രകാശം ലഭിക്കും. പ്രകാശസംശ്ലേഷണപ്രക്രിയ ത്വരിതപ്പെടുന്നതിന് ഇതു കാരണമാകും. ഗ്രീന്‍ഹൗസുകളിലേക്കു കീടങ്ങള്‍ക്കൊന്നും പ്രവേശിക്കാന്‍ കഴിയാത്തതും മറ്റൊരു നേട്ടമാണ്. ജൈവകൃഷിക്കു ഗ്രീന്‍ഹൗസുകളാണ് ഏറ്റവും അഭികാമ്യം. ഇത്തരത്തില്‍ ഏറെ സവിശേഷതകള്‍ ഉള്ള കൃഷിരീതികള്‍ അവലംബിക്കുക വഴി കര്‍ഷകര്‍ക്കു കൃഷിച്ചെലവു കുറയ്‌ക്കാനും മികച്ച വിളവു നേടുവാനും കഴിയും.
https://www.facebook.com/Malayalivartha