പിതാവിന് നഷ്ടക്കണക്കുകള്‍ നല്‍കിയ കൃഷി പയസ്സിനു നല്‍കിയത് ഏക്കറിന് 52,000 രൂപ അറ്റാദായം, 35 ഏക്കറില്‍ നാലു വര്‍ഷമായി കൃഷി ചെയ്യുന്ന ചെറുപ്പക്കാരന്‍!

17 വര്‍ഷം മുമ്പ് കൃഷിയിലെ നഷ്ടക്കണക്കുകള്‍ താങ്ങാവുന്നതിനപ്പുറമായപ്പോള്‍ ആലപ്പുഴ മങ്കൊമ്പ് ഇടയാടിയില്‍ ഇ.ജെ. കുര്യാക്കോസ് പാടം പാട്ടക്കാരെ ഏല്‍പിച്ചതാണ്്. നെല്‍കര്‍ഷകനായിരുന്നെങ്കിലും മക്കളാരും നെല്‍കൃഷി ചെയ്യരുതെന്ന് നിര്‍ബന്ധമുള്ളയാളായിരുന്നു പയസിന്റെ പിതാവ് കുര്യാക്കോസ്.
നെല്‍കൃഷിയോടുള്ള സ്‌നേഹംകൊണ്ട് ആ പാടമൊക്കെ ഏറ്റെടുത്ത് ഇപ്പോള്‍ മകന്‍ പയസ് കൃഷി തുടങ്ങി. പിതൃസഹോദരന്മാരുള്‍പ്പെടെയുള്ളവരുെട 35 ഏക്കറോളം പാടത്ത് നാലു വര്‍ഷമായി കൃഷി ചെയ്യുന്ന പയസിന് ഒരു കാര്യം ഉറപ്പിച്ചു പറയാനാവും- ഇനി മറ്റൊരു മേഖലയിലേക്കുമില്ല. മുഴുവന്‍ സമയ നെല്‍കര്‍ഷകനായി തുടരുമെന്നു മാത്രമല്ല, കുറച്ചുകൂടി സ്ഥലം കണ്ടെത്തി കൃഷി വ്യാപിപ്പിക്കുകയും ചെയ്യും.
പിതാവിന്റെ കൂടെ നടന്ന് കൃഷി പഠിക്കാന്‍ കഴിഞ്ഞില്ല. സ്വയം പാടത്തിറങ്ങിയപ്പോള്‍ ഉപദേശങ്ങളും നല്‍കിയില്ല. സ്വയം ചെയ്തു പഠിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സഹകര്‍ഷകരും പരിചയക്കാരുമൊക്കെ തുടക്കത്തില്‍ വഴികാട്ടികളായി. രണ്ടാം വര്‍ഷം മുതല്‍ പയസ് സ്വന്തം ആശയങ്ങള്‍ ഓരോന്നായി നടപ്പാക്കി തുടങ്ങി. രാസകീടനാശിനികളുടെ പ്രയോഗം ഉപേക്ഷിക്കുക, ഞാറുകള്‍ തമ്മിലുള്ള അകലം കുറയ്ക്കുക എന്നിങ്ങനെ. പരിഹാസവും വിമര്‍ശനവുമൊക്കെ ഉണ്ടായെങ്കിലും കാര്യങ്ങള്‍ ക്രമേണ പയസിന്റെ വഴിക്കു വന്നു.
ഇക്കഴിഞ്ഞ പുഞ്ചക്കൃഷി മികച്ച വിളവാണ് നല്‍കിയത്. ആകെ 35 ഏക്കറില്‍നിന്ന് ആയിരം ക്വിന്റല്‍ നെല്ല് സര്‍ക്കാരിനു നല്‍കി. വിലയായി 26.5 ലക്ഷം രൂപ കിട്ടി. ഒരു ഏക്കറില്‍നിന്നു ശരാശരി 75,000 രൂപ മൊത്തവരുമാനം കിട്ടിയപ്പോള്‍ കൃഷിച്ചെലവായി വേണ്ടിവന്നത് 23,000 രൂപ മാത്രം. അതായത് ഏക്കറിന് 52,000 രൂപ അറ്റാദായം.
അസാധാരണമായ വലിയ വിളവ് കിട്ടുകയും ഉല്‍പാദനച്ചെലവ് പരമാവധി കുറയ്ക്കുകയും ചെയ്തതുകൊണ്ടാണ് ഈ നേട്ടം. എന്നാല്‍ ഏക്കറിന് 22 ക്വിന്റല്‍ നെല്ലു കിട്ടിയാല്‍പോലും ഉല്‍പാദനച്ചെലവ് 25,000 രൂപയില്‍ താഴെയായി ചുരുക്കുന്നവര്‍ക്ക് മുപ്പതിനായിരം രൂപ ലാഭം പ്രതീക്ഷിക്കാമെന്നു പയസ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം പാട്ടത്തുക വര്‍ധിക്കുന്നത് നെല്ലിന്റെ ആദായസാധ്യത കുറയ്ക്കും. കൂടുതല്‍ വിസ്തൃതിയില്‍ കൃഷി ചെയ്യുന്നതുകൊണ്ടു മാത്രമാണ് തനിക്ക് മുഴുവന്‍സമയ കൃഷിക്കാരനായി തുടരാന്‍ കഴിയുന്നതെന്നു പയസ് പറഞ്ഞു. വിഷരഹിതകൃഷിപോലുള്ള ആശയങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചത് ഒറ്റ ബ്ലോക്കായി വിതയ്ക്കാന്‍ സാധിക്കുന്നതുകൊണ്ടാണ്. അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുന്നതിനു കൂടിയാണ് മരുന്നുതളി വേണ്ടെന്നുവച്ചത്. എങ്കിലും കാര്യമായ കീടശല്യം ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. അനാവശ്യമായ കീടനാശിനി പ്രയോഗം ഒഴിവാക്കുന്നതുവഴി പ്രകൃതി മാത്രമല്ല സ്വന്തം കീശയും സംരക്ഷിക്കപ്പെടും- പയസ് പറഞ്ഞു. ഫോണ്‍: 9946323709
https://www.facebook.com/Malayalivartha