പ്ലം, പിയര്‍, പീച്ച്, ബ്ലൂബെറി, കിവി, ആപ്രികോട്ട്...ഇവയെ ഒക്കെ സ്വദേശിയാക്കി മാറ്റി, മൂന്നാറിനപ്പുറം വട്ടവടയിലെ 6500 അടി ഉയരത്തിലുള്ള തരിശുഭൂമിയില്‍!

കേരളത്തിലെ പ്രഥമ പ്ലം - പിയര്‍ തോട്ടമെന്ന് ഒരുപക്ഷേ വിശേഷിപ്പിക്കാവുന്ന 'കണ്ണിക്കാട്ട് ഫ്രൂട്ട്‌സ് ഗാര്‍ഡന്‍' മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശി ജോഷി ജെ. കണ്ണിക്കാട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ്. മൂന്നാറിനപ്പുറം വട്ടവടയിലെ പതിനഞ്ചേക്കറിലാണ് മലയാളത്തിന്റെ മധുരം നിറച്ച പ്ലം, പിയര്‍ പഴങ്ങള്‍ വിളയുന്നത്.
ആദ്യം നട്ട 800 വീതം പ്ലം, പിയര്‍ മരങ്ങളില്‍നിന്നു മികച്ച രീതിയില്‍ വരുമാനം കിട്ടിത്തുടങ്ങിയത് ഈ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷം കായ്കളുണ്ടായെങ്കിലും പ്രളയക്കെടുതി മൂലം വിളവെടുക്കാനായിരുന്നില്ല. നാലു വര്‍ഷമായി മുടങ്ങാതെ പൂവിടുന്ന ഈ മരങ്ങളില്‍ നിന്ന് ഇപ്പോള്‍ ലക്ഷങ്ങളാണ് വരുമാനം. 15 വര്‍ഷം മുമ്പ് ഇവ നട്ടുവളര്‍ത്താന്‍ ധൈര്യം കാണിച്ചതിനും പൂവിടാനായി പത്തു വര്‍ഷത്തിലേറെ കാത്തിരിയ്ക്കുകയും ചെയ്തതിന്റെ പ്രതിഫലം.
വട്ടവടയില്‍ സ്ഥലം വാങ്ങിയപ്പോള്‍ പ്രത്യേക ലക്ഷ്യമൊന്നും ഉണ്ടായിരുന്നില്ല. സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരത്തിലുള്ള തരിശുഭൂമിയില്‍ എന്തു കൃഷി ചെയ്യാന്‍? റബറും വാഴയും കപ്പയും തെങ്ങുമൊന്നും ഇവിടെ വാഴില്ല. വട്ടവടയിലെ തനതു വിളകളായ കാബേജ്, കോളിഫ്‌ലവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവ പോലും ഒന്നര കിലോമീറ്റര്‍ 'ഓഫ് റോഡിങ്' നടത്തിയെത്തേണ്ട, ഒറ്റപ്പെട്ട കൃഷിയിടത്തില്‍ പ്രായോഗികമായിരുന്നില്ല. നിരാശനാകാതെ, പ്രാര്‍ഥനാ പൂര്‍വമുള്ള അന്വേഷണം ജോഷിയെ എത്തിച്ചത് കൊടൈക്കനാലിലെ ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനില്‍. അവിടത്തെ ഗവേഷകര്‍ പ്ലമ്മിന്റെയും പിയറിന്റെയും കൃഷിസാധ്യത ചൂണ്ടിക്കാട്ടുക മാത്രമല്ല, വേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തു.
സമശീതോഷ്ണമേഖലയില്‍ കൃഷി ചെയ്യുന്ന ഫലവൃക്ഷങ്ങളാണ് പ്ലമ്മും പിയറും. വര്‍ഷത്തില്‍ നിശ്ചിത ദിവസങ്ങളെങ്കിലും അതിശൈത്യത്തിലൂടെ കടന്നുപോയാല്‍ മാത്രമെ അവയില്‍ കായ്കളുണ്ടാവൂ. പ്ലമ്മും പിയറും കൃഷി ചെയ്യാന്‍ യോജ്യമായ മണ്ണ് തേടിപ്പിടിക്കുകയായിരുന്നില്ല ജോഷി. ശരാശരി താപനില പരമാവധി 15 ഡിഗ്രിയും ശൈത്യകാലത്ത് പൂജ്യത്തിനു താഴെയുമെത്തുന്ന കൃഷിയിടത്തിലേക്കു യോജിച്ച വിളകളായി അവയെ കണ്ടെത്തുകയായിരുന്നു.
ഈ വര്‍ഷം ഇതുവരെ 3500 കിലോ പ്ലം വിപണിയിലെത്തിച്ചുകഴിഞ്ഞു. കിലോയ്ക്ക് 75-80 രൂപ നിരക്കില്‍ മൊത്തവ്യാപാരിക്കു നല്‍കുകയാണ് ചെയ്യുന്നത്. പഴക്കടകളില്‍നിന്നു നാം വാങ്ങാറുള്ള പ്ലമ്മിനെക്കാള്‍ മധുരമുള്ളതാണ് പോളാര്‍ ഹില്‍സിലെ പ്ലം.
പഴങ്ങള്‍ തരംതിരിച്ചും വൃത്തിയാക്കിയുമാണ് നല്‍കുന്നത്. ജോഷിയോടൊപ്പം അമ്മ ആനീസ്, ഭാര്യ ആന്‍സി, മകന്‍ ആന്‍ജോ, മരുമകള്‍ മരിയ എന്നിവര്‍ ചേര്‍ന്നാണ് തരം തിരിക്കല്‍ നടത്തുക. ഇങ്ങനെ നല്‍കുന്നതുമൂലം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്ലമ്മിനെക്കാള്‍ വ്യാപാരികളുടെ മതിപ്പ് നേടാന്‍ സാധിക്കുന്നുണ്ട്. പിയര്‍ പാകമാകാത്തതിനാല്‍ ഈ വര്‍ഷത്തെ വിളവെടുപ്പ് ആരംഭിച്ചിട്ടില്ല. പ്ലമ്മിനു തുല്യം ഉല്‍പാദനം പിയറിനും കിട്ടുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് വിളവെടുപ്പ് മുടങ്ങിയതിനാല്‍ വരുമാനം നഷ്ടമായ ജോഷി ഇത്തവണ വിളവെടുപ്പിന്റെ മേല്‍നോട്ടവുമായി സദാ തോട്ടത്തിലുണ്ട്. വാരാന്ത്യത്തില്‍ മാത്രമാണ് വീട്ടിലേക്കു മടക്കം. അഞ്ചു വര്‍ഷത്തിനു ശേഷം പൂര്‍ണ ഉല്‍പാദനത്തിലെത്തുമ്പോള്‍ ഒരു മരത്തില്‍നിന്ന് 200 കിലോ പ്ലം വരെ പ്രതീക്ഷിക്കാമെന്നാണ് കൃഷിവിദഗ്ധര്‍ പറഞ്ഞിരിക്കുന്നത്. അതായത് ഒരു മരത്തില്‍ നിന്നുമാത്രം 15,000-ത്തോളമുണ്ടാകും വരുമാനം. രണ്ടായിരം മരങ്ങള്‍ പൂര്‍ണതോതില്‍ ഉല്‍പാദനമെത്തുമ്പോള്‍ എന്തു വരുമാനം കിട്ടുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിന്റെ പകുതി കിട്ടിയാലും ജോഷി സംതൃപ്തനാണ്.
വര്‍ഷത്തിലൊരു വളപ്രയോഗവും ഒരു കമ്പുകോതലുമാണ് പ്ലം, പിയര്‍ മരങ്ങള്‍ക്കുവേണ്ട പ്രധാന പരിചരണം. നന ആദ്യവര്‍ഷം മാത്രം മതി, അതും മിതമായ തോതില്‍. വരള്‍ച്ചയും ശക്തമായ കാറ്റുമൊക്കെ ചെറുത്തുവളരുന്ന ഫലവൃക്ഷമാണിത്. കോഴി, കാട എന്നിവയുടെ കാഷ്ഠവും മറ്റുമാണ് വളമായി നല്‍കുന്നത്. തുലാവര്‍ഷകാലത്തിനു തൊട്ടുമുമ്പ് ഒരു മരത്തിന് അഞ്ചു കിലോ വീതം ജൈവവളം നല്‍കും.
പ്ലമ്മും പിയറും പൂവിടുന്നത് ഡിസംബറിലാണ്. അതിനു മുന്നോടിയായി നവംബറില്‍ കമ്പുകോതല്‍ നടത്തണം. തിങ്ങിനില്‍ക്കുന്ന ഇടക്കമ്പുകളും ചെറുകമ്പുകളുമാണ് പ്രധാനമായും വെട്ടിനീക്കുക. വേണ്ടത്ര വായുസഞ്ചാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. അമിതമായി ഉയരം വയ്ക്കാതിരിക്കാനും ശ്രദ്ധിക്കും. തൊട്ടുപിന്നാലെ ഇലകള്‍ കൊഴിച്ച് ശീതനിദ്ര പ്രാപിക്കുന്ന മരങ്ങളില്‍ വൈകാതെ പൂക്കള്‍ നിറയും. മഞ്ഞുവീണ നഗ്‌നമേനിയില്‍ പൂമൂടി നില്‍ക്കുന്ന പ്ലംമരങ്ങള്‍ വേറിട്ട കാഴ്ചതന്നെയെന്നു ജോഷി പറയുന്നു. വൈകാതെ കായ് നിറയുന്ന പ്ലം മരങ്ങള്‍ മേയ് അവസാനം വിളവെടുപ്പിനു പാകമാകുന്നു.
ഈ തോട്ടത്തിലെ സവിശേഷ കാലാവസ്ഥയും ഇവിടെ വിളയുന്ന പഴങ്ങളും ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളുെടയും ബന്ധുക്കളുടെയും കുടുംബങ്ങള്‍ക്കായി 'പോളാര്‍ ഹില്‍സ് സ്റ്റേ' എന്ന പേരില്‍ മികച്ച താമസസൗകര്യവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
വിശിഷ്ടമായ പഴങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന തോട്ടം ജോഷിയുടെ ഡ്രീം പ്രോജക്ടിന്റെ ആദ്യ ഭാഗം മാത്രം. അടുത്ത ഘട്ടത്തില്‍ സ്‌ട്രോബെറി, ബ്ലാക് ബെറി, ലിച്ചി, അവക്കാഡോ തുടങ്ങിയ പഴങ്ങള്‍ക്കു കൂടി തോട്ടത്തില്‍ ഇടം കണ്ടെത്തണം. ഇവിടുത്തെ പഴങ്ങള്‍ ഉപയോഗിച്ചുള്ള വൈന്‍, ജാം, സിറപ്പ്, അച്ചാര്‍, കെച്ചപ്പ് എന്നിവ പോളാര്‍ഹില്‍സിലെ സന്ദര്‍ശകരുടെ ബാക്പാക്കുകളില്‍ മലയിറങ്ങണം.
അഥവാ നഗരങ്ങളുെട മനം കവരുന്ന ഈ ഉല്‍പന്നങ്ങളുടെ ഉറവിടം തേടി സന്ദര്‍ശകര്‍ മല കയറിയെത്തണം - സ്വപ്നത്തിന്റെ രണ്ടാം ഭാഗം കൂടി പൂര്‍ത്തിയാക്കാനുള്ള അനുഗ്രഹമാണ് ജോഷിയുെട ഇപ്പോഴത്തെ പ്രാര്‍ഥന. ഫോണ്‍: 9446740741
https://www.facebook.com/Malayalivartha