തോരാതെ പെയ്ത മഴയിൽ മുങ്ങി തലസ്ഥാനം:- ശക്തമായ മഴയെ തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിൽ; കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി: ക്യാമ്പുകളിലേയ്ക്ക് മാറ്റിയത് 45 ഓളം പേരെ...
കഴിഞ്ഞ ദിവസം രാത്രി മുതൽ തോരാതെ പെയ്യുന്ന ശക്തമായ മഴയിൽ തലസ്ഥാനം മുങ്ങി. ശക്തമായ മഴയെ തുടർന്ന് റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി. 45 ഓളം പേരെ ഇതുവരെ ക്യാമ്പുകളിലേക്ക് മാറ്റി. നിരവധി വീടുകൾ വെള്ളത്തിലാണ്. ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുന്ന രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
തമ്പാനൂർ, മണക്കാട്, പുത്തൻപാലം, ഉള്ളൂർ, വെള്ളായണി, ഈഞ്ചക്കൽ, ചാക്ക, പേട്ട ഉൾപ്പെടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വിവിധ റോഡുകളിലാണ് വെള്ളം കയറിയത്. ഇതോടെ ഗതാഗതവും ജനജീവിതവും താറുമാറായി. ചാക്ക എയർപോർട്ട് റോഡിലും സമീപജനവാസ മേഖലയിലും വെള്ളം കയറി. ആമയിഴഞ്ചാൻ തോട് പലമേഖലയിലും കരകവിഞ്ഞ് ഒഴുകുകയാണ്.
ഇന്നലെ രാത്രി തുടങ്ങിയ മഴ പുലർച്ചെയും ശക്തമായി തന്നെ പെയ്യുകയാണ്. മഴ ശക്തമാകുന്ന സാഹചര്യമാണുള്ളത് നഗര, മലയോര, തീര മേഖലകളിൽ ഇപ്പോൾ ഉള്ളത്. 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. രാത്രി തെക്കൻ, മധ്യ കേരളത്തിൽ പലയിടങ്ങളിലും ശക്തമായ മഴ കിട്ടിയിരുന്നു. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നെയ്യാറ്റിൻകര, പൊന്മുടി, വർക്കല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴയാണ്. കഴിഞ്ഞ 12 മണിക്കൂറിൽ അഞ്ച് സ്റ്റേഷനുകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ മഴയാണ് പെയ്തത്.
ടെക്നോപാർക്ക് ഫെയ്സ് 3 ക്കു സമീപം തെറ്റിയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. 3 കുടുംബങ്ങളെ ഫയർഫോഴ്സ് വാട്ടർ ഡിങ്കിയിൽ മാറ്റി. ശ്രീകാര്യത്ത് കനത്ത മഴയിൽ സംരക്ഷണ ഭിത്തി തകർന്നു വീടിനു മുകളിൽ പതിച്ചു. ശ്രീകാര്യത്തെ ഗുലാത്തി ഇൻസ്റ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷന്റെ പിൻഭാഗത്തെ മതിൽ ഇടിഞ്ഞു വീണാണ് സമീപത്തെ നാല് വീടുകളുടെ മുകളിലൂടെ പതിച്ചത്.
ഞായറാഴ്ച വെളുപ്പിന് 12.30ഓടെയാണ് സംഭവം. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ആർക്കും പരിക്കില്ല. പോത്തൻകോട് വീടിന്റെ മതിലിടിഞ്ഞ് വീണ് യുവാവിന് പരിക്ക്.
കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എറണാകുളത്തും സ്ഥിതി മറിച്ചല്ല. ശക്തമായ മഴകാരണം എറണാകുളത്തും റോഡുകളിൽ ഉൾപ്പടെ പലയിടങ്ങളിലും വെള്ളക്കെട്ടാണ്. കലൂർ, എം ജി റോഡ്, ഇടപ്പള്ളി ഭാഗങ്ങളിലാണ് വെള്ളക്കെട്ട്. ഇതോടെ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച മഴ രാത്രിയോടെ ശക്തിപ്രാപിക്കുകയായിരുന്നു.
പത്തനംതിട്ട റാന്നിയിലും ശക്തമായ മഴയാണ്. പലവീടുകളിലും വെള്ളം കയറിയതായാണ് റിപ്പോർട്ട്. തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് മഴ ശക്തി പ്രാപിക്കുന്നത്.
https://www.facebook.com/Malayalivartha