നാളെ മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാപക മഴയ്ക്ക് സാധ്യത: മുംബൈയിൽ പെയ്ത കനത്ത മഴയിൽ നാല് മരണം...
നാളെ മുതൽ കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ വ്യാപകമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഇന്ന് കിഴക്കൻ ശ്രീലങ്കൻ തീരത്ത് ഒരു ചക്രവാത ചുഴി രൂപപ്പെടാൻ സാധ്യത ഉണ്ട്. ഇതിന്റെ സ്വാധീന ഫലമായി മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും തെക്കൻ കർണാടകയിലും കേരളത്തിലും സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ഒന്നു വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ആണ് സാധ്യതയുള്ളത്.
നാളെ നാലു ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്. ഞായറാഴ്ച്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ചക്രവാതചുഴിയുടെ സ്വാധീനഫലമായാണ് വീണ്ടും മഴ കനക്കുന്നത്. നാളെ മുതൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ആരംഭിച്ച മഴ, ചെന്നൈ അടക്കമുള്ള ജില്ലകളിൽ 2 ദിവസം കൂടി തുടർന്നേക്കുമെന്ന് മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നഗരത്തിൽ രാത്രി ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ചെങ്കൽപെട്ട്, തിരുവള്ളൂർ തുടങ്ങിയ സമീപജില്ലകളിലും കോയമ്പത്തൂർ, തേനി, നീലഗിരി, ഡിണ്ടിഗൽ, തിരുപ്പൂർ, തിരുനെൽവേലി, തെങ്കാശി എന്നിവിടങ്ങളിലും കനത്ത മഴ പെയ്തേക്കും. ബുധനാഴ്ച രാത്രി മിന്നലോടു കൂടി ശക്തമായ മഴ പെയ്തതിനെ തുടർന്ന് ചൂട് കുറഞ്ഞു. ഇന്നലെ പകൽപോലും കാര്യമായ ചൂട് അനുഭവപ്പെട്ടില്ല. ആവഡി അടക്കമുള്ള ചില മേഖലകളിൽ ഒറ്റ മണിക്കൂറിൽ തന്നെ 80–100 മില്ലിമീറ്റർ മഴ ലഭിച്ചു. കനത്ത മഴ പെയ്തിട്ടും വ്യാപകമായ വെള്ളക്കെട്ട് ഉണ്ടായില്ലെന്നത് നഗരവാസികൾക്ക് ആശ്വാസമായി. എന്നാൽ, ചില അടിപ്പാതകളിൽ വെള്ളക്കെട്ട് ഉണ്ടായതു യാത്രക്കാരെ വലച്ചു.
അതേസമയം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ ഈ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
അതേ സമയം മുംബൈയിൽ അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ, നഗരജീവിതത്തെ പൂർണമായും താളം തെറ്റിച്ചു. മഴ കാരണമുണ്ടായ അപകടങ്ങളില്‍ നാലുപേരാണ് മരിച്ചത്. മഴയെ തുടർന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ബ്രിഹൻ മുംബൈ മുനിസിപ്പല്‍ കോർപ്പറേഷൻ അവധി പ്രഖ്യാപിച്ചു. ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്‌താര തുടങ്ങിയ എയർലൈനുകളുടെ 14 സർവീസുകള്‍ വഴിതിരിച്ചുവിട്ടു. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ശക്തമായ മഴയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, പ്രതീക്ഷിച്ചതിലും കൂടുതൽ ശക്തിയോടെ പെയ്ത മഴ നഗരത്തെ വെള്ളത്തിൽ മുക്കി. മിന്നലോടുകൂടിയ കനത്ത മഴ ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ ആരംഭിച്ചു.
താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ മദ്ധ്യ റെയിൽവേയിലെ പ്രധാന ലൈനിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. മറ്റ് റെയിൽവേ ലൈനുകളിലും ലോക്കൽ ട്രെയിനുകൾ വൈകി. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. മുളുണ്ട്, ഭാണ്ഡൂപ് തുടങ്ങിയ പ്രദേശങ്ങളിൽ വൻ വെള്ളക്കെട്ട് രൂപപ്പെട്ടു. അന്ധേരി സബ്‌വേയും ദീർഘനേരം അടച്ചിട്ടു. താനെ, നവി മുംബൈ, വസായ് തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. പൂനെ, താനെ, റായ്‌ഗഡ്, രത്നാഗിരി എന്നീ ജില്ലകളിൽ റെഡ് അലർട്ടും പാല്‍ഘറിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സിന്ധുദുർഗ്, പാല്‍ഘർ, രത്നാഗിരി എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha