മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിന് പലിശ എട്ട് ശതമാനം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിക്ഷേപ പദ്ധതി

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്ക് തുടക്കമായി. 2016 ഡിസംബറിലാണ് 'പ്രധാനമന്ത്രി വയ വന്ദന യോജന എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്.
എല്‍ഐസിവഴിയാണ് പദ്ധതി നടപ്പാക്കുക. എട്ട് ശതമാനം പലിശ നല്‍കുന്ന പദ്ധതിയുടെ കാലാവധി 10 വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപ തുക തിരിച്ചുനല്‍കും 7.5 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ കഴിയുക. നിക്ഷേപത്തിന്മേല്‍ ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി ഇളവുകളില്ല.
യോഗ്യത: 60 വയസ്സോ അതിന് മുകളിലോ നിക്ഷേപ തുക: ചുരുങ്ങിയത് 1.5 ലക്ഷവും പരമാവധി 7.5 ലക്ഷവും. കാലാവധി പത്ത് വര്‍ഷമാണ്. ഗുരുതര രോഗം ബാധിച്ചാല്‍ നിക്ഷേപ തുകയുടെ 98 ശതമാനവും കാലാവധിയെത്തുംമുമ്പ് പിന്‍വലിക്കാം.
എട്ട് ശതമാനമാണ് പലിശ. ആവശ്യമെങ്കില്‍ മാസംതോറും പലിശ ലഭിക്കും. മൂന്ന് മാസം, ആറ് മാസം, ഒരു വര്‍ഷം എന്നീ കാലയളവിലും പലിശ ലഭിക്കും. വര്‍ഷത്തിലൊരിക്കലാണ് പലിശ വാങ്ങുന്നതെങ്കില്‍ 8.30 ശതമാനം ആദായം ലഭിക്കും. പലിശ കുറഞ്ഞത് 1000 രൂപ(പ്രതിമാസം)പരമാവധി 5000 രൂപ(പ്രതിമാസം).
കാലാവധിയെത്തുംമുമ്പ് നിക്ഷേപകന്‍ മരിച്ചാല്‍ അടുത്ത അവകാശിക്ക് നിക്ഷേപ തുകമുഴവന്‍ ലഭിക്കും.2018 മെയ് മൂന്ന് വരെയാണ് പദ്ധതിയില്‍ നിക്ഷേപിക്കാന്‍ കഴിയുക. ഓണ്‍ലൈനായും ഓഫ്‌ലൈനായും നിക്ഷേപിക്കാന്‍ സൗകര്യമുണ്ട്.
സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന് സമാനമായ ഒരു പദ്ധതിയാണിത്. മറ്റ് പലിശ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ താരതമ്യേന കൂടുതലാണ് പദ്ധതിയില്‍നിന്നുള്ള ആദായം. 8.4 ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സ്‌കീമിന്റെ പലിശ. അതുകൊണ്ടുതന്നെ സീനിയര്‍ സിറ്റിസണ്‍ സ്‌കീമിനോടൊപ്പം പുതിയ പദ്ധതിയും നിക്ഷേപത്തിന് പരിഗണിക്കാം.
https://www.facebook.com/Malayalivartha