സാമ്പത്തികരംഗത്ത് ഇനിയും കടുത്ത തീരുമാനങ്ങളെടുക്കുമെന്ന് പ്രധാനമന്ത്രി, നേരിട്ടുള്ള വിദേശനിക്ഷേം കൂടുതല്‍ മേഖലകളിലേക്ക്

സാമ്പത്തിക രംഗത്തു കടുത്ത തീരുമാനങ്ങളെടുക്കുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. വിദേശത്തുനിന്നു നേരിട്ടുള്ള നിക്ഷേപം ഇന്ത്യയിലെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ചട്ടങ്ങള്‍ പരിഷ്‌കരിക്കുകയും ലളിതമാക്കുകയും ചെയ്യും. ജപ്പാനിലെ വ്യവസായികളുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മന്‍മോഹന്‍ സിംഗ്.
പുതിയ ബാങ്ക് ലൈസന്‍സുകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയില്‍ നികുതി രംഗത്തു വന്‍ മാറ്റത്തിന് നാന്ദി കുറിക്കുന്ന ജനറല്‍ ടാക്‌സ് സംവിധാനം 2014ല്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്ക് അടിയന്തിരമായിട്ട് വേണ്ടത് അടിസ്ഥാന സൗകര്യ വികസനമാണ്. പന്ത്രണ്ടാം പദ്ധതിയില്‍ അടിസ്ഥാന വികസനത്തിനു വേണ്ടി മാത്രം ഒരു ലക്ഷം കോടി യുഎസ് ഡോളറാണ് വേണ്ടത്. അത് സ്വകാര്യ മേഖലയില്‍ നിന്നും പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നിന്നുമാണ് വരേണ്ടത്. ജപ്പാന്റെ വിദേശ നിക്ഷേപത്തിന്റെ വെറും നാലു ശതമാനമാണ് ഇന്ത്യക്കു നല്‍കുന്നതെന്ന് മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടി. ഇത് തികച്ചും കുറവാണ്. മാരുതി സുസുക്കിയും, ഡല്‍ഹി മെട്രോയും ഇന്ത്യയില്‍ ജപ്പാന്റെ വന്‍ വിജയം നേടിയ പദ്ധതികളാണ്. ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനു ജപ്പാനിലെ കമ്പനികള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണത്തിനുള്ള മൂന്നു വഴികളും മന്‍മോഹന്‍ സിംഗ് നിര്‍ദ്ദേശിച്ചു. പ്രാദേശിക തലത്തില്‍ സഹകരണത്തിനു സംവിധാനമുണ്ടാക്കുക, സാമ്പത്തിക മേഖലകളില്‍ പരസ്‌പര സഹകരണം മെച്ചപ്പെടുത്തുക, സമുദ്ര സുരക്ഷ ഉറപ്പു വരുത്തുക, എന്നിവയാണവ.
ജപ്പാന്റെ അത്യാധുനിക സാങ്കേതികവിദ്യയും ഇന്ത്യയിലെ നിക്ഷേപ സാധ്യതകളും ഒന്നിച്ചാല്‍ ഏഷ്യയുടെ വളര്‍ച്ചയിലെ ഒരു പ്രമുഖ ഘടകമായി മാറുമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
https://www.facebook.com/Malayalivartha