സെക്രട്ടേറിയറ്റ് അസിസ്റ്റന്റായി താൽക്കാലിക നിയമനം വരുന്നു... ലിസ്റ്റ് വരാൻ ഇനിയും മാസങ്ങൾ വൈകും...
പൊതുഭരണ വകുപ്പിലെ കമ്പ്യൂട്ടർ അസ്സിസ്റ്റന്റുമാരെ സെക്രട്ടേറിയറ്റ്അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലികമായി നിയോഗിക്കാനുള്ള സർക്കാർ തീരുമാനം ഈ തസ്തികയിൽ പി എസ് സി നിയമനം കുറയാൻ ഇടയാകുമെന്ന് ആശങ്ക. സെക്രട്ടേറിയറ്റ് അസ്സിസ്റ്റന്റിന്റെ റാങ്ക് ലിസ്റ്റ് നിലവിലില്ലാത്തതിന്റെ മറവിലാണ് താൽക്കാലിക നിയമനം.
പൊതുഭരണ വകുപ്പിൽ അസ്സിസ്റ്റന്റമാരുടെ 44 തസ്തിക കൂടി വേണമെന്ന്, തസ്തികകളും ജോലിഭാരവും പഠിച്ച സമിതി ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൂപ്പർ ന്യുമററിയായി കുറച്ചുപേരെ അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കും. ബാക്കി ഒഴിവുകളിലേക്കാണ് കമ്പ്യൂട്ടർ അസ്സിസ്റ്റന്റുമാരെ നിയമിക്കുക.
പൊതുഭരണ വകുപ്പിൽ സീനിയർ ഗ്രേഡ്/ ഗ്രേഡ് ഒന്ന്/ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്‌തികയിൽ ജോലി ചെയ്യുന്നവരെയാണ് നിയമിക്കുക. അംഗീകൃത സർവകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ഓഗസ്റ്റ് 10 നാണ് പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. നിലവിൽ ലഭിക്കുന്ന ശമ്പള ആനുകൂല്യങ്ങൾക്ക് പുറമെ ആനുകൂല്യങ്ങൾ ലഭിക്കില്ല. തസ്തിക മാറ്റ നിയമത്തിന് 28.02.2011 ലെ സ. ഉ (പി) നം. 65/ 2011/ പൊഭവ പ്രകാരം പിന്നീട് മുൻഗണന നൽകില്ല. അസിസ്റ്റന്റ് തസ്തികയിലെക്കുള്ള പ്പ്രോമോഷൻ,, സീനിയോറിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾക്കൊന്നും ഈ സർവിസ് പരിഗണിക്കില്ല. ജോലിയിൽ പ്രവേശിക്കുന്നവർക്ക് സർക്കാർ പൊതുതീരുമാനം എടുക്കുന്ന മുറയ്ക്ക് മാത്രമേ പഴയ തസ്തികയിലേക്ക് മടങ്ങാനാകു.
സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് നടപടികൾ പി എസ് സിയിൽ പുരോഗമിക്കുകയാണ്. ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷയ്‌ക്കൊപ്പമായിരുന്നു ഈ തസ്തികയുടെ പരീക്ഷ. അർഹതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിൽ ഉൾപ്പെടുന്നവർക്ക് മെയിൻ പരീക്ഷ നടത്തി അതിൽ ജയിക്കുന്നവരെ ഉൾപ്പെടുത്തി സാധ്യത ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധന കൂടി പൂർത്തിയാക്കിയെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയൂ. ഈ രീതിയിൽ താൽക്കാലിക നിയമനം തുടരാനാണ് സർക്കാർ തീരുമാനമെങ്കിൽ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനത്തെ അത് ഗൗരവമായി ബാധിക്കും.
https://www.facebook.com/Malayalivartha