പരീക്ഷാഭയം വേണ്ട, ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുക

വിദ്യാര്‍ത്ഥികളെല്ലാം ഇപ്പോള്‍ പഠന തിരക്കിലാണ്. പത്താം ക്ലാസ്, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇനി ഒരു മാസം പോലുമില്ല. കുട്ടികളുടെ പരീക്ഷാപ്പേടി രക്ഷിതാക്കളുടെയും ഹൃദയമിടിപ്പു കൂട്ടുന്നു.
റിവിഷനും ടെസ്റ്റ് പേപ്പറുകളുമായി വേനല്‍ കനക്കും മുന്‍പേ ക്ലാസ് മുറികള്‍ പരീക്ഷാച്ചൂടിന്റെ പിടിയിലായിരുന്നു. രാവിലെയും വൈകിട്ടും അധികസമയം ക്ലാസുകള്‍ നടത്തിയും വിദ്യാര്‍ഥികളുടെ കുറവ് തിരിച്ചറിഞ്ഞു ഗ്രേഡ് തിരിച്ചും മറ്റും സ്‌പെഷല്‍ ക്ലാസുകള്‍ നടത്തിയും മികച്ച വിജയം ഉറപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് അധ്യാപകര്‍.
പരീക്ഷ അടുക്കാറായതോടെ മിക്ക കുട്ടികളും ടെന്‍ഷന്റെ പിടിയിലാണ്. പരീക്ഷാപ്പേടി സ്വാഭാവികം. പക്ഷേ, അധികമായാല്‍ കുഴപ്പമാണെന്നു മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. പരീക്ഷാ ഹാളില്‍ കയറുമ്പോള്‍തന്നെ പല വിദ്യാര്‍ഥികളും അസ്വസ്ഥരാകുന്നു എന്നതാണു സത്യം.
എന്നാല്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിട്ടാല്‍ തീര്‍ച്ചയായും വിജയിക്കാനാവുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പരീക്ഷാക്കാലത്തു കുട്ടികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്
അമിത ഉത്കണ്ഠ ഒഴിവാക്കുക. മറന്നുപോകുമോ എന്ന ഭയമാണു മിക്ക കുട്ടികളുടെയും പ്രധാന പ്രശ്‌നം. ഇത്തരം ചിന്തകളകറ്റിയാല്‍തന്നെ പകുതി ടെന്‍ഷനും മാറും.
ആത്മവിശ്വാസത്തോടെ പരീക്ഷകളെ സമീപിക്കുക. എനിക്കു വിജയിക്കാന്‍ സാധിക്കും എന്ന ശുഭാപ്തി വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുക.
ചോദ്യപേപ്പര്‍ കിട്ടിയാല്‍ ആദ്യം മനസ്സിരുത്തി വായിച്ചു മനസിലാക്കുക. അതിനുശേഷം മാത്രം ഉത്തരമെഴുതുക.
പരീക്ഷയ്ക്കു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ ഉറക്കമിളച്ചുള്ള പഠനം നിര്‍ബന്ധമായും ഒഴിവാക്കുക. പഠിച്ച കാര്യങ്ങള്‍ ഓര്‍മയില്‍ നില്‍ക്കാന്‍ ഉറക്കം ആവശ്യമാണ്.
പരീക്ഷ മുന്നില്‍ നില്‍ക്കെയാണെങ്കിലും ഇടതടവില്ലാത്ത പഠനം ആരെയും മടുപ്പിക്കും. എപ്പോഴും പഠനം എന്നതല്ല, പഠിക്കുമ്പോഴെല്ലാം ശ്രദ്ധയും ഏകാഗ്രതയും എന്നതാകണം മുദ്രാവാക്യം.
ടിവി, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍നിന്ന് ഇക്കാലത്ത് അല്‍പം മാറിനില്‍ക്കാം. പഠനസമയം കൂടുതല്‍ കണ്ടെത്താന്‍ ഇതു നല്ലതാണ്. ഈ സമയത്തു പാഠ്യവിഷയങ്ങളിലാണു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
എഴുതിയ പരീക്ഷയെക്കുറിച്ച് ചിന്തിച്ച് ആകുലപ്പെടാതെ അടുത്ത പരീക്ഷയ്ക്കായി മനസ്സിനെ സജ്ജമാക്കി പഠനം തുടരുക. ഇതെല്ലാം കൃത്യമായി ശ്ര്ദ്ധിക്കുകയാണെങ്കില്‍ ഉന്നത വിജയം കൈവരിക്കാന്‍ സാധിക്കും.
https://www.facebook.com/Malayalivartha