കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ വേനലവധി പുനഃക്രമീകരിച്ച് ഉത്തരവ് ; അവധി ഏപ്രില്‍ 16 മുതല്‍ ജൂണ്‍ നാലുവരെ

കേരളത്തിലെ കേന്ദ്രീയവിദ്യാലയങ്ങളുടെ വേനലവധി പുനഃക്രമീകരിച്ച് ഉത്തരവിറക്കി. ഏപ്രില്‍ 16 മുതല്‍ ജൂണ്‍ നാലുവരെയാണ് പുനഃക്രമീകരിച്ച അവധി. നിലവില്‍ മെയ് മൂന്ന് മുതല്‍ ജൂണ്‍ 21വരെയാണ് വേനലവധി നല്‍കുന്നത്.
കേരളത്തില്‍ കടുത്ത വേനല്‍ച്ചൂട് അനുഭവപ്പെടുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ കേന്ദ്രീയവിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ രക്ഷിതാക്കളുടെ സംഘടന അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിരുന്നു. ദേശീയാടിസ്ഥാനത്തില്‍ ഇന്ത്യമുഴുവന്‍ ഒരേ അവധിക്രമമാണ് പിന്തുടരുന്നതെന്നായിരുന്നു കേന്ദ്രീയവിദ്യാലയം അധികൃതരുടെ വിശദീകരണം.
എന്നാല്‍, കാലാവസ്ഥയ്ക്കനുസരിച്ച് രാജ്യത്തെ വിവിധ റീജണല്‍ ഓഫീസുകള്‍ക്ക് ബാധകമാക്കിക്കൊണ്ട് വ്യത്യസ്തമായ ആറ് അവധി കലണ്ടറുകളാണ് സംഘാതന്‍ നടപ്പാക്കിയിട്ടുള്ളതെന്ന് രക്ഷിതാക്കളുടെ സംഘടന ചൂണ്ടിക്കാട്ടി. ഇക്കാര്യമുന്നയിച്ച് അസോസിയേഷന്‍ പാലക്കാട് ജില്ലാ കോഓര്‍ഡിനേറ്റര്‍ ഇ. ജയചന്ദ്രന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. തെളിവെടുപ്പിനുശേഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ വേനലവധി നല്‍കണമെന്ന് നിര്‍ദേശിച്ച് 2014 സെപ്തംബര്‍ 30ന് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിലെ കാലാവസ്ഥയ്ക്കനുയോജ്യമായ രീതിയില്‍ കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്ന കേന്ദ്രീയവിദ്യാലയ എറണാകുളം റീജിയണ്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ അവധിനല്‍കണമെന്നായിരുന്നു നിര്‍ദേശം. എന്നിട്ടും അവധിക്രമം മാറ്റാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ഇതിന്റെ പേരില്‍ രക്ഷിതാക്കളുടെ സംഘടന ശക്തമായ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന്, ഹിതപരിശോധന നടത്തിയാണ് തീരുമാനമുണ്ടായത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിന്റെയും കെ.വി.എസ്. എറണാകുളം റീജിയണ്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ശുപാര്‍ശയുടെയും അടിസ്ഥാനത്തില്‍ മാര്‍ച്ച് രണ്ടിനാണ് സംഘാതന്‍ ജോയന്റ് കമ്മീഷണര്‍ 201516 വര്‍ഷത്തെ അവധി പുനഃക്രമീകരിച്ച് ഉത്തരവിറക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha