റാങ്ക്പട്ടികകളുടെ കാലാവധി പി.എസ്.സി ആറുമാസത്തേക്ക് നീട്ടി

റാങ്ക്പട്ടികകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ പി.എസ്.സി. തീരുമാനിച്ചു. ഈ മാര്‍ച്ച് 31ന് നിലവിലുള്ളതും 2015 സപ്തംബര്‍ 29നകം കാലാവധി അവസാനിക്കുന്നതും നാലര വര്‍ഷം പൂര്‍ത്തിയാകാത്തതുമായ റാങ്കുപട്ടികകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ആയിരത്തോളം റാങ്ക്പട്ടികകള്‍ ഈ വിഭാഗത്തിലുണ്ടാകുമെന്നാണ് കരുതുന്നത്.
ഇതിനിടയില്‍ ഏതെങ്കിലും തസ്തികയ്ക്ക് പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചാല്‍ അതിന്റെ നിലവിലുള്ള പട്ടിക റദ്ദാകും. യു.ഡി.എഫ്. സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം എട്ടാം തവണയാണ് റാങ്ക്പട്ടികകളുടെ കാലാവധി പി.എസ്.സി. നീട്ടുന്നത്. തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് അഞ്ചംഗങ്ങള്‍ തിങ്കളാഴ്ചത്തെ യോഗത്തില്‍ സംസാരിച്ചു.
റാങ്ക്പട്ടികകളുടെ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പി.എസ്.സി.ക്ക് ശുപാര്‍ശ നല്‍കിയത്. ഇതിനുള്ള കത്തില്‍ ജൂണ്‍ ഒന്നിന് കാലാവധി അവസാനിക്കുന്ന റാങ്ക്പട്ടികകള്‍ക്ക് സമയം കൂട്ടിനല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഇത് പിശകായതിനാല്‍ കത്ത് പുതുക്കിവാങ്ങണമെന്ന് കഴിഞ്ഞ പി.എസ്.സി. യോഗം തീരുമാനിച്ചിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും തീയതി തിരുത്തി ലഭിക്കാത്ത സാഹചര്യത്തില്‍ സ്വന്തം നിലയ്ക്കാണ് പി.എസ്.സി. മാര്‍ച്ച് 31 മുതല്‍ സപ്തംബര്‍ 29 വരെയുള്ള റാങ്ക്പട്ടികകളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha