24 മുതലുള്ള ഹൈസ്‌കൂള്‍ പരീക്ഷകള്‍ ഉച്ചയ്ക്കു ശേഷം

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പിനു സഹായകമായ വിധത്തില്‍ 24 മുതല്‍ 30 വരെയുള്ള സ്‌കൂള്‍തല പരീക്ഷകള്‍ ഉച്ചയ്ക്കു ശേഷമാക്കി ക്രമീകരിക്കണമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കു (ഡിപിഐ)നിര്‍ദേശം നല്‍കി. പരീക്ഷ ഉച്ചതിരിഞ്ഞാക്കണമെന്ന ഹയര്‍ സെക്കന്‍ഡറി അധികൃതരുടെ അഭ്യര്‍ഥന പൊതു വിദ്യാഭ്യാസ വകുപ്പു തള്ളിയ സാഹചര്യത്തിലാണു പ്രശ്‌നപരിഹാരത്തിനു മന്ത്രി ഇടപെട്ടത്.
എസ്്എസ്എല്‍സി പരീക്ഷ കഴിയുന്നതോടെ സ്കൂള്‍തല പരീക്ഷകള്‍ രാവിലെ നടത്താനുള്ള ഡിപിഐയുടെ തീരുമാനം 30 വരെ നീളുന്ന പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളെ ബാധിക്കുമെന്ന പരാതിയെ തുടര്‍ന്നാണ് ഈ നടപടി. ഹൈസ്കൂള്‍ പരീക്ഷകള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കൊപ്പം രാവിലെ നടന്നാല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ മേല്‍നോട്ടത്തിന് ആവശ്യമായ അധ്യാപകരില്ലാത്ത സ്ഥിതി ഉണ്ടാകും.
ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്ന ഭിന്നശേഷിയുള്ള ഏഴായിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ക്കു സഹായികളായി നിശ്ചയിച്ചിരിക്കുന്നത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടക്കുന്ന സമയത്തു തന്നെ ഒന്‍പതാം ക്ലാസുകാരുടെ പരീക്ഷ നടത്തിയാല്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുവേണ്ടി പരീക്ഷ എഴുതാന്‍ കുട്ടികളെ ലഭിക്കാത്ത സ്ഥിതിയുണ്ടാകും. ഈ ഘടകങ്ങള്‍ എല്ലാം വിലയിരുത്തിയ ശേഷമാണു പരീക്ഷാസമയം ക്രമീകരിക്കാന്‍ മന്ത്രി, ഡിപിഐക്കു നിര്‍ദേശം നല്‍കിയത്.
https://www.facebook.com/Malayalivartha
























