അലീഗഢ് മെഡിക്കല്‍ പ്രവേശപരീക്ഷ റദ്ദാക്കി

കേരളത്തിലെ പരീക്ഷാകേന്ദ്രത്തില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് 2015-16 വര്‍ഷത്തെ എം.ബി.ബി.എസ്ബി.ഡി.എസ് പ്രവേശപരീക്ഷ അലീഗഢ് സര്‍വകലാശാല റദ്ദാക്കി. പുനപരീക്ഷ ആഗസ്റ്റില്‍ നടത്തും. കേരളത്തിലെ പരീക്ഷാകേന്ദ്രമായ ഫാറൂഖ് കോളജില്‍ ഏപ്രില്‍ 26ന് നടന്ന പരീക്ഷയിലാണ് ക്രമക്കേട് നടന്നതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചത്.
പ്രാഥമികാന്വേഷണം നടത്തുകയും ക്രമക്കേട് നടന്നെന്ന് ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് മേയ് 28ന് പ്രത്യേകയോഗം ചേര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. മേയ് 26ന് അലീഗഢ് മലപ്പുറം കേന്ദ്രത്തിലെ സ്ഥിരം അക്കാദമിക് കെട്ടിടം തറക്കല്ലിടല്‍ ചടങ്ങിന് സര്‍വകലാശാല വി.സി ലെഫ്റ്റനന്റ് ജനറല്‍ (റിട്ട.) സമീറുദ്ദീന്‍ ഷാ എത്തിയപ്പോഴാണ് ഇതുസംബന്ധിച്ച പ്രാഥമികാന്വേഷണം നടന്നതെന്ന് സര്‍വകലാശാല അധികൃതര്‍ പറയുന്നു.
അന്ന് ഫാറൂഖ് കോളജ് പ്രിന്‍സിപ്പലുമായും പരീക്ഷക്ക് ഇന്‍വിജിലേറ്റര്‍മാരായിരുന്ന മലപ്പുറം കേന്ദ്രത്തിലെ ഏഴ് പേരുമായും വി.സി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമാണ് ക്രമക്കേട് സ്ഥിരീകരിച്ചത്. പുനപരീക്ഷക്ക് കേരളത്തില്‍ സെന്ററുണ്ടാകുമെങ്കിലും എവിടെയാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha