ബോളിവുഡ് നടന് സുശാന്തിന്റെ മരണത്തില്‍ പുതിയ വഴിത്തിരിവ്, മുന്‍ കാമുകിക്കെതിരെ കേസ്
മരണമടഞ്ഞ ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ പിതാവിന്റെ പരാതിയില്‍ സുശാന്തിന്റെ മുന്‍ കാമുകിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. നടി റിയ ചക്രവര്‍ത്തിക്കും മാതാപിതാക്കള്‍ക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് കേസ്. ഇതിനായി പട്ന പൊലീസിന്റെ പ്രത്യേകസംഘം മുംബൈയിലെത്തി.
പട്നയിലെ രാജീവ് നഗര്‍ പൊലീസ് സ്റ്റേഷനിലാണ് റിയ ചക്രവര്‍ത്തിയുള്‍പ്പടെ 6 പേര്‍ക്കെതിരെ സുശാന്തിന്റെ പിതാവ് കെ.കെ. സിങ് പരാതി നല്‍കിയത്. റിയയുടെ അച്ഛന്, അമ്മ, സഹോദരന്, സുശാന്തിന്റെ മുന്‍ മാനേജര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തി.
സുശാന്തും റിയയും തമ്മില്‍ വന്‍സാമ്പത്തിക ഇടപാടുകള്‍ നടന്നായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്റെ പരാതിയില്‍ പറയുന്നു. നടന്റെ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ ഉള്‍പ്പടെ ബിഹാര്‍ പൊലീസ് ശേഖരിച്ചതായാണ് വിവരം.
നടന്റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. സിനിമ നിര്‍മാണ കമ്പനിയായ ധര്‍മ പ്രൊഡക്ഷന്‍സിന്റെ സിഇഒ അപൂര്‍വ മേത്തയെ ഇന്നലെ മൂന്ന് മണിക്കൂറോളം മുംബൈയില്‍ ചോദ്യം ചെയ്തു.
സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണം ബോളിവുഡിലെ കിടമല്‍സരമാണെന്ന ആക്ഷേപങ്ങളില്‍ മുംബൈ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിഹാര്‍ പൊലീസ് കേസെടുത്തത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ഉടമയും സംവിധായകനുമായ കരണ്‍ ജോഹറേയും ഈയാഴ്ച ചോദ്യം ചെയ്യും. 40 പേരുടെ മൊഴിയാണ് മുംബൈ പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha