ബാഹുബലി അവസാനിക്കുന്നില്ല; 'ഞാന്‍ കൊല്ലാന്‍ പറഞ്ഞു, കട്ടപ്പ കൊന്നു': രാജമൗലി

ആ സസ്‌പെന്‍സ് പൊളിഞ്ഞു ഒപ്പം കത്തിരിപ്പിന് വിരാമം. ഇന്ത്യന്‍ സിനിമയെ ഹോളിവുഡിന് ഒപ്പം നിര്‍ത്തിയ ബാഹുബലി രണ്ടാം ഭാഗംകൊണ്ട് അവസാനിക്കുന്നില്ലെന്നു സംവിധായകന്‍ രാജമൗലി. സിനിമ ഇതോടെ അവസാനിക്കുമെങ്കിലും ടെലിവിഷന്‍ സീരിയലായും അനിമേഷന്‍ പരമ്പരകളായുമൊക്കെ ബാഹുബലി വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വ്യാഴാഴ്ച ദുബായിലാണ് ബാഹുബലിയുടെ ആദ്യ റിലീസ്. ഇതിനിടെ, രാജമൗലിയോട് എല്ലാവര്‍ക്കും ചോദിക്കാന്‍ ഒറ്റ ചോദ്യം മാത്രം. കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു. സിനിമ റിലീസ് ആകാന്‍ ഒരു ദിവസം മാത്രം അവശേഷിക്കുമ്പോഴും രാജമൗലിയുടെ ഉത്തരത്തില്‍ മാറ്റമില്ല. 'ഞാന്‍ കൊല്ലാന്‍ പറഞ്ഞു, അതുകൊണ്ട് കട്ടപ്പ കൊന്നു' ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ബാഹുബലി തന്നെ വിട്ടുപോകില്ലെന്നും മഹിഷ്തിയുടെയും ബാഹുബലിയുടെയും കഥ സീരിയലുകളായും അനിമേഷന്‍ പരമ്പരകളായും ചിത്രകഥയായുമൊക്കെ വീണ്ടും പ്രേക്ഷകരിലേക്കെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബാഹുബലിക്കായി തയാറാക്കിയ ആയുധങ്ങളും ഗ്രാഫിക്‌സുകളും ബാഹുബലി പരമ്പരയ്ക്കായി ഉപയോഗിക്കും. രമ്യാകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി ദേവിയാണ് തന്റെ പ്രിയകഥാപാത്രമെന്നും രാജമൗലി വ്യക്തമാക്കി. ബാഹുബലിയായി അഭിനയിച്ച പ്രഭാസും പല്ലാള്‍ദേവന്റെ വേഷമിട്ട റാണ ദഗ്ഗുബട്ടിയും ദേവസേനയായി അഭിനയിച്ച അനുഷ്‌കയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ബാഹുബലിയെ ഇതിഹാസമായി പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ നന്ദിയുണ്ടെന്നും അംഗീകാരമായി കാണുന്നെന്നും റാണ പറഞ്ഞു. ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിജയത്തെക്കുറിച്ച് സംശയമില്ലെന്നു നിര്‍മാതാവ് ശോഭു പറഞ്ഞു. ആദ്യമായാണ് ഒരു ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് ഉത്കണ്ഠയില്ലാതെ റിലീസിനു കാത്തിരിക്കുന്നതെന്നും അദ്ദേഹം പറ?ഞ്ഞു.
യുഎഇയില്‍ റിലീസ് നാളെ, മുന്‍കൂര്‍ ബുക്കിങ് ഒരു ലക്ഷത്തിലേറെ
ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിനു മുന്‍പ് തന്നെ ബാഹുബലി ഗള്‍ഫ് പ്രേക്ഷകരിലേക്കെത്തും. വ്യാഴാഴ്ച വൈകിട്ട് നാലിനാണ് ഗള്‍ഫില്‍ ചിത്രത്തിന്റെ റീലീസ്. ഒരു ലക്ഷം ടിക്കറ്റുകളാണ് യുഎഇയില്‍ മാത്രം മുന്‍കൂറായി വിറ്റുപോയത്. ഇരുന്നൂറോളം തിയറ്ററുകളിലാണു ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസ് ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ യുഎഇയിലും റിലീസ് ചെയ്യും.
https://www.facebook.com/Malayalivartha