ബന്‍സാലിക്കും പത്മാവതിക്കും എതിരേ വിമര്‍ശനവുമായി ബി.ജെ.പി എം.പി

ദീപികാ പാദൂക്കോണ്‍ ടൈറ്റില്‍ വേഷത്തില്‍ അഭിനയിക്കുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവദി ഡിസംബര്‍ ഒന്നിന് റിലീസാകാനിരിക്കെ ചിത്രത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ബി.ജെ.പി നേതാവും മഹാരാഷ്ട്രയിലെ ഉജ്ജയിന്‍ എം.പിയുമായ ചിന്താമണി മാളവ്യ ചിത്രം ബഹിഷ്‌ക്കരിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തു. ബന്‍സാലിക്കെതിരെ എം.പി രൂക്ഷവിമര്‍ശനവും നടത്തി. ചരിത്രത്തെ വളച്ചൊടിക്കുന്ന ബന്‍സാലിക്ക് ചെരുപ്പിന്റെ ഭാഷയെ മനസിലാകൂ എന്ന് എം.പി ഫെയിസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പത്മാവതിയോട് ബഹുമാനക്കുറവില്ലെന്നും ബഹുമാനമില്ലായ്മ കാട്ടില്ലെന്നും എം.പി പോസ്റ്റില്‍ പറയുന്നു.
മധ്യകാല ഇന്ത്യയില്‍ ശത്രുക്കള്‍ കോട്ടവളഞ്ഞിരുന്ന സമയത്ത് സ്ത്രീകള്‍ കൂട്ട ആത്മഹത്യ നടത്തിയിരുന്നു. ജൗഹര്‍ എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ദിവസവും പുതിയ ഭര്‍ത്താക്കന്‍മാരെ കണ്ടെത്തുന്ന സ്ത്രീകളുടെ വീട്ടില്‍ നിന്ന് വരുന്ന സിനിമാക്കാര്‍ക്ക് അതിനാല്‍ ജൗഹാര്‍ മനസിലാക്കാനാവില്ല. മാത്രമല്ല അലാവുദ്ദീന്‍ ഖില്‍ജിയുടെ സഭയിലെ കവി എഴുതിയ തെറ്റായ ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ബന്‍സാലി സിനിമ ഒരുക്കിയിരിക്കുന്നത്. ഇത് പണത്തോടുള്ള അത്യാര്‍ത്തി കൊണ്ടാണിതെന്നും പോസ്റ്റില്‍ പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് മുതല്‍ ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാജസ്ഥാനിലെ സെറ്റില്‍ അവര്‍ ആക്രമണം നടത്തി. ഇതോടെ ചിത്രീകരണം മുടങ്ങിയിരുന്നു.
സമീപകാലത്തായി സിനിമകള്‍ക്കെതിരെ വര്‍ഗീയ ശക്തികള്‍ മുറവിളി കൂട്ടുന്നത് പതിവായിരിക്കുകയാണ്. കമല്‍ഹാസന്റെ വിശ്വരൂപം ഇറങ്ങിയപ്പോള്‍ ചില മുസ്്‌ലിംസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതിനാല്‍ കേരളത്തില്‍ റിലീസായി കഴിഞ്ഞാണ് തമിഴ്‌നാട്ടില്‍ ചിത്രം ഇറങ്ങിയത്. അതുപോലെ വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി രംഗത്തെത്തി. ചിത്രത്തില്‍ ജി.എസ്.ടിയെ കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ബി.ജെ.പി ഘടകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്ന് പറഞ്ഞ് കോടതി ആവശ്യം അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് വിജയ് ക്രിസ്ത്രുമത വിശ്വാസിയാണെന്നും സിനിമയില്‍ അമ്പലത്തിന് പകരം ആശുപത്രി വേണമെന്ന് വിജയ് പറഞ്ഞത് വര്‍ഗീയതയാണെന്നും പറഞ്ഞ് ചില ഹിന്ദുസംഘടനകളും രംഗത്തെത്തി. എന്നാലിതെല്ലാം സിനിമയുടെ പബഌസിറ്റിയെയും വിജയത്തെയും സഹായിച്ചു. അതുകൊണ്ട് പത്മാവതിക്കെതിരായ വിവാദങ്ങള്‍ സിനിമയ്ക്ക് അനുഗ്രഹമാകുമെന്ന് പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha