നാലൂറിലധികം അംഗങ്ങളുള്ള താരസംഘടനയുടെ കഴിഞ്ഞ ജനറല്‍ ബോഡിയില്‍ 235 പേരാണ് പങ്കെടുത്തത്, അംഗങ്ങള്‍ എത്താത്തത് മോഹന്‍ലാലിനെ ആശങ്കാകുലനാക്കി

നാനൂറിലധികം അംഗങ്ങളുള്ള സംഘടനയാണ് എ.എം.എം.എ, കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം സംഘടന നേതൃത്വത്തിന്റെപല നിലപാടുകളും പലര്‍ക്കും പിടിക്കുന്നില്ല. പരസ്യമായോ, സംഘടനാ വേദിയിലേ അഭിപ്രായപ്രകടനം നടത്താന്‍ ഭൂരിപക്ഷം പേര്‍ക്കും ധൈര്യമില്ല. തിലകനെ മരണ ശേഷവും ഒഴിവാക്കുകയാണ്. അപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ കാര്യം പറയണോ? ഉറച്ചനിലപാട് സ്വീകരിച്ചത് പൃഥ്വിരാജ് മാത്രമാണ്. ആ ധൈര്യം എതിര്‍ സ്വരമുള്ള പലരും കാണിച്ചില്ല. കഴിഞ്ഞ ജനറല്‍ ബോഡിയില്‍ 235 പേര്‍ മാത്രമാണ് പങ്കെടുത്തത്. അതായത് പകുതിയോളം അംഗങ്ങള്‍ എത്തിയില്ല. കൊച്ചിയിലുണ്ടായിരുന്ന പലരും യോഗത്തിനെത്താത്തത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രസിഡന്റ് മോഹന്‍ലാല്‍ യോഗത്തില്‍ ഇത് സംബന്ധിച്ച ആശങ്ക പങ്കുവച്ചിരുന്നു. എന്താണ് ഇങ്ങിനെ സംഭവിക്കാന്‍ കാരണമെന്നും അദ്ദേഹം ചോദിച്ചു.
സംഘടന എടുക്കുന്ന പല തീരുമാനങ്ങളും നല്ലതാണെങ്കിലും ചില കാര്യങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്നെന്ന് പലരും രഹസ്യമായി പറയാറുണ്ട്. പലപ്പോഴും സംസാരിക്കാന്‍ അനുവദിച്ചിട്ടില്ലെന്ന് നടന്‍ ജോയി മാത്യു വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പെട്ടെന്നായിരുന്നെന്നും പ്രതികരിക്കാന്‍ പോലും പറ്റിയില്ലെന്നും നടനും സംവിധായകനുമായ പി. ബാലചന്ദ്രന്‍ ഫെയിസ്ബുക്കില്‍ കുറിച്ചു. ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും പെട്ടെന്നായി പോയെന്ന് സംവിധായകന്‍ ലാലും അഭിപ്രായം പറഞ്ഞു. ജയസൂര്യയെ പോലുള്ളവര്‍ സംഘടന മറുപടി പറയട്ടെ എന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. സംഘടനയില്‍ അഭിപ്രായഭിന്നത ഉണ്ടെന്നും പലര്‍ക്കും സ്വതന്ത്രമായ നിലപാട് സ്വീകരിക്കാനാവുന്നില്ലെന്നും ഇതില്‍ നിന്ന് വ്യക്തമാണ്.
സിനിമയില്‍ സജീവമായി നില്‍ക്കുന്ന അംഗങ്ങള്‍ അറുപതോളം പേരെ ഉള്ളൂ. അവരില്‍ ഭൂരിഭാഗവും നേതൃത്വത്തിനൊപ്പമാണ്. അതുകൊണ്ട് അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളില്‍ അഭിനയിക്കുന്നവരോ, പല സിനിമകളിലും ചെറിയ വേഷം ചെയ്യുന്നവരോ, സജീവമല്ലാത്തവരോ ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങളെ മൗനമായി അനുകൂലിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം പലരും തങ്ങളുടെ എതിര്‍പ്പ് ശക്തമാക്കാന്‍ തയ്യാറാവുകയായിരുന്നു. യുവതാരങ്ങളില്‍ ചിലര്‍ നിസ്സഹകരണമാണ് തുടരുന്നത്. അതുകൊണ്ടാണ് ജനറല്‍ ബോഡിയില്‍ ഇവരാരും പങ്കെടുക്കാതിരുന്നതും.
https://www.facebook.com/Malayalivartha