\'ഐ\' റിലീസ് ദിവസം പരുക്കേറ്റ തീയറ്റര്‍ ജീവനക്കാരന് സുരേഷ് ഗോപിയുടെ സഹായം

വിക്രം നായകനായ \'ഐ\'യുടെ റിലീസിങ്ങ് ദിവസം പ്രേക്ഷകരുടെ തള്ളിക്കേറലില്‍ ഗുരുതരമായി പരുക്കേറ്റ തിയേറ്റര്‍ സെക്യൂരിറ്റി ജീവനക്കാരന് നടന്‍ സുരേഷ് ഗോപിയുടെ സഹായഹസ്തം. തിരുവനന്തപുരത്തെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീകുമാറിന് സുരേഷ് ഗോപി ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കി.
സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ റിലീസിങ് ദിവസം പ്രേക്ഷകരില്‍ ഒരാള്‍ മതില്‍ ചാടിക്കടന്ന് തിയേറ്ററില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് സെക്യൂരിറ്റി ശ്രീകുമാറിന് പരിക്കേറ്റത്.
വളരെ പ്രതീക്ഷയോടെയും കൂടുതല്‍ പബ്ലിസിറ്റിയിലൂടെയും റിലീസിങിന് എത്തിയ തമിഴ് ചിത്രം \'ഐ\'യുടെ ആദ്യ ദിവസത്തില്‍ തീയേറ്ററുകളില്‍ വലിയ തിരക്കായിരുന്നു. ഇത് നിയന്ത്രിക്കുന്നതിനിടെയാണ് ശ്രീകുമാറിന്റെ കണ്ണുവെട്ടിച്ച് ഒരു പ്രേക്ഷകന്‍ മതില്‍ ചാടിക്കടന്ന് തിയേറ്ററില്‍ കടക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ചാട്ടത്തിന് ഇടയില്‍ ഇയാള്‍ അബദ്ധത്തില്‍ വന്നു പതിച്ചത് ശ്രീകുമാറിന്റെ കഴുത്തില്‍. അപകടത്തില്‍ പരിക്കേറ്റ ശ്രീകുമാറിനെ കൊല്ലത്തെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ അനന്ദപുരി ആശുപത്രിയിലും എത്തിച്ചു. ശ്രീകുമാര്‍ ഇപ്പോള്‍ അനന്ദപുരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ കഴുത്തിലെ എല്ലിന് പൊട്ടലുള്ളതായും സുഷുമ്‌നാ നാഡിക്ക് ക്ഷതമേറ്റതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ശ്രീകുമാറിന്റെ കുടുംബം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്. സംഭവത്തെ കുറിച്ച് \'ഐ\' ചിത്രത്തിലെ നായകന്‍ വിക്രത്തിനെയും സംവിധായകന്‍ ശങ്കറിനെയും അറിയിച്ചതായി സുരേഷ് ഗോപി പറഞ്ഞു. അവരും കൂടുതല്‍ സഹായവുമായി ഉടനെ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha