മണിയുടെ മരണത്തിൽ വില്ലൻ കീടനാശിനിയും; സി ബി ഐ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് എന്തിലേക്ക്; മലയാളികൾക്ക് മുന്നറിയിപ്പ് നൽകി റിപ്പോർട്ട്

മലയാളികളുടെ ഹൃദയത്തിലേക്ക്നാടൻ പാട്ടു പാടി കടന്നു വന്ന നടനാണ് കലാഭവൻ മണി. ചെറിയ വേഷങ്ങളിൽ അഭിനയിച്ച് പിന്നീട് മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ കയ്യൊപ്പ് പതിപ്പിച്ച അദ്ദേഹം ചുരുങ്ങിയ കാലയളവ് കൊണ്ട്തന്നെ ഒരുപാട് ആരാധകരുടെ ഹൃദയം കീഴടക്കി. ഓട്ടോ ഡ്രൈവർ ആയി ജീവിതം തുടങ്ങിയ മണി സിനിമയോടുള്ള അടങ്ങാത്ത മോഹം കൊണ്ടാണ് ഉയരങ്ങൾ കീഴടക്കിയത്. തുടക്ക കാലത്ത് നിറത്തിന്റെയും ജാതിയുടേയും പേരിൽ അധിക്ഷേപങ്ങൾ സഹിക്കേണ്ടി വന്നെങ്കിലും അതിനൊക്കെ മറുപടി എന്നോണം സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ ഇരിപ്പിടം സൃഷ്ട്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കലാഭവൻ മണിയുടെ അപ്രതീക്ഷിത മരണം ആരാധകരിൽ വലിയ നടുക്കം ഉളവാക്കിയിരുന്നു. 2016 മാർച്ച് 6 നായിരുന്നു മണി ഈ ലോകത്തോട് വിട വാങ്ങിയത്. പെട്ടെന്നുള്ള മണിയുടെ മരണം അനവധി ദുരൂഹതകൾക്കിടയാക്കിയിരുന്നു. ഇപ്പോഴിതാ മണിയുടെ മരണം സംബന്ധിച്ച വാർത്തകൾ വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്. മണിയുടെ മരണം കൊലപാതകമാണ് എന്ന രീതിയിൽ സംശയങ്ങൾ ഉയർന്നിരുന്നു. പിന്നീട് മണിയുടെ സഹോദരനടക്കമുള്ള ബന്ധുക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം സി.ബി.ഐ കേസന്വേഷണം ഏറ്റെടുത്തു . 2017 ൽ ഏറ്റെടുത്ത അന്വേഷണം പൂർത്തിയാക്കി രണ്ടു വർഷത്തിന് ശേഷം കേസ് അവസാനിപ്പിക്കാൻ അനുമതി തേടി കോടതിയിൽ സി.ബി.ഐ റിപ്പോർട്ട് നൽകി. സി ബി ഐ റിപ്പോർട്ടിലെ പുതിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ജനങ്ങളെ അമ്പരപ്പിച്ചിരിക്കുന്നത്.
മണിയുടെ മരണം കൊലപാതകമല്ലന്ന് സി ബി ഐ റിപ്പോർട്ട് സമർപ്പിച്ചിരുന്നു . മദ്യപാനം മൂലമുണ്ടായ ഗുരുതര കരൾ രോഗമാണ് മണിയെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇപ്പോൾ റിപ്പോർട്ടിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നിരിക്കുകയാണ്. ഭക്ഷണത്തിലൂടെ കീടനാശിനി മണിയുടെ ശരീരത്തിൽ അടിഞ്ഞുകൂടിയതായി ആണ് പുതിയ കണ്ടെത്തൽ. പച്ചക്കറികൾ വേവിക്കാതെ കഴിച്ചതിനാലാണ് ക്ലോർപൈറിഫോസ്എന്ന കീടനാശിനി ശരീരത്തിലെത്തിയത്. ഇതും മണിയുടെ ആരോഗ്യത്തെ ഹാനികരമായി ബാധിച്ചു. തുടർച്ചയായ മദ്യപാനം കരൾ രോഗത്തിനും കാരണമായി. വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തിൽ നിന്നുള്ളതാണെന്നും കണ്ടെത്തിയിരുന്നു . നാല് മില്ലീഗ്രാം മീഥൈൽ ആൽക്കഹോളാണ് മണിയുടെ ശരീരത്തിൽ കണ്ടെത്തിയത്. കരൾ ദുർബലമായതിനാൽ മീഥൈൽ ആൽക്കഹോൾ പുറംതള്ളാൻ ശരീരത്തിനായില്ല. മദ്യപിക്കരുതെന്ന് ഡോക്ടർമാർ മണിയോട് പലതവണ പറഞ്ഞെങ്കിലും അതൊന്നും ചെവികൊള്ളാൻ മണി തയ്യാറായില്ല . ആയുർവേദ ലേഹ്യം കഴിച്ചതിനാലാണ് കഞ്ചാവിന്റെ അംശം ശരീരത്തിൽ കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
മണിയുടെ അടുത്ത സുഹൃത്തുക്കളായ ജാഫർ ഇടുക്കി , സാബുമോൻ തുടങ്ങിയ സിനിമാ താരങ്ങൾ അടക്കം ആറുപേരെ സി.ബി.ഐ ചോദ്യം ചെയ്തെങ്കിലും ഇവരുടെ മേൽ സംശയാസ്പദമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല . പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്ദസംഘമാണ് സി.ബി.ഐക്ക് റിപ്പോർട്ട് നൽകിയത്. 35 പേജുള്ള റിപ്പോർട്ട് സി.ബി.ഐ, കൊച്ചി സി.ജെ.എം കോടതിയിൽ സമർപ്പിച്ചു.
മണിയുടെ അപ്രതീക്ഷിത മരണം മറ്റു പല കാര്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നു. അമിതമായ മദ്യപാനം മനുഷ്യനെ മരണത്തിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. മദ്യപാനം കരൾരോഗം മാത്രമല്ല വൃക്കരോഗം, മഞ്ഞപ്പിത്തം, ക്ഷയം എന്നിവക്കും കാരണമാകുന്നു. ഈ പ്രശ്നങ്ങളെല്ലാം മണിയേയും അലട്ടിയിരുന്നു. മണിയുടെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയതും ഭയാനകമായ ഒരു സൂചന നൽകുന്നു. മലയാളികളുടെ ജീവൻ ഒട്ടും സുരക്ഷിതമല്ല. മലയാളികളുടെ ഭക്ഷണരീതി തികച്ചും അപകടമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഇന്ന് നാം ഭക്ഷിക്കുന്ന പച്ചക്കറികളിൽ മുക്കാൽ പങ്കും കീടനാശിനിയിൽ മുങ്ങി കുളിച്ചാണ് മാർക്കറ്റിൽ എത്തുന്നത്. മാരകമായ ഇത്തരം കീടനാശിനികൾ മരണത്തിലേക്ക് നയിക്കും എന്ന സൂചനയാണ് മണിയുടെ മരണം നമുക്ക് നൽകുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയുന്ന ഇത്തരം വിഷ പച്ചക്കറികൾ ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. വീട്ടിലൊരു പച്ചക്കറിത്തോട്ടം ഇന്ന് അത്യന്തം അനിവാര്യമായിരിക്കുന്നു. . സ്ഥല പരിമിത കണക്കിലെടുത്തു ടെറസിലും മറ്റും പച്ചക്കറികൾ നാട്ടു വളർത്തുന്ന ഒട്ടേറെ പേർ നമുക്കിടയിലുണ്ട്. നമുക്കേവർക്കും ഇത് മാതൃകയാക്കാവുന്നതാണ്. നമ്മുടെ ആരോഗ്യവും ജീവനും സംരക്ഷിക്കേണ്ട ചുമതല നമ്മുടേത് തന്നെയാണ്.
https://www.facebook.com/Malayalivartha