ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു

കരള്‍ രോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്ന പ്രശസ്ത സിനിമ താരം കലിംഗ ശശി (59) അന്തരിച്ചു. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം.
ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിലൂടെയാണ് മലയാളചലച്ചിത്ര രംഗത്ത് എത്തിയത്.
മലയാള നാടകവേദിയില്‍ നിന്നും ചലച്ചിത്ര ലോകത്തേക്ക് എത്തപ്പെട്ട അദ്ദേഹത്തിന് സംവിധായകന്‍ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേര്‍ത്തത്.
നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷന്‍ സീരിയലുകളിലും ഏഷ്യാനെറ്റില്‍ മുന്‍ഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചു.
അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളില്‍ ശശി അഭിനയിച്ചിട്ടുണ്ട്.
പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ് സെയ്ന്റ്, പുലിമുരുകന്‍, കസബ, ആമേന്‍ എന്നിവയാണ് പ്രധാന സിനിമകള്‍. 2019ല്‍ റിലീസ് ചെയ്ത കുട്ടിമാമയിലാണ് അവസാനം അഭിനയിച്ചത്.
ശശിയുടെ പിതാവ് ചന്ദ്രശേഖരന്‍ നായരും അമ്മ സുകുമാരിയുമാണ്. ഭാര്യ പ്രഭാവതി.
https://www.facebook.com/Malayalivartha






















