"സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല..."തിലകനും ഭരത് ഗോപിയും ഒന്നിക്കുന്ന ഗാനരംഗത്തിലാണ് ഷമ്മി തിലകന്റെ അതിഥി വേഷത്തെ കുറിച്ച് ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റ്

തന്റെ പിതാവ് അഭിനയിച്ച പ്രണയഗാനരംഗത്തിൽ തബല വായിച്ചതിന്റെ അനുഭവം പങ്കുവച്ച് മകനും അഭിനേതാവുമായ ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റ്. 1986–ൽ പുറത്തിറങ്ങിയ ‘ഐസ്ക്രീം’ എന്ന ചിത്രത്തിലെ അധികമാരും ശ്രദ്ധിക്കാതെ പോയ ആ അപൂർവ ഗാനരംഗം ആരാധകർക്കായി ഷമ്മി തിലകൻ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് രംഗത്തേക്ക് എത്തിയിരിക്കുന്നത്.
ചിത്രത്തിൽ തിലകനും ഭരത് ഗോപിയും ഒന്നിക്കുന്ന അധികം ശ്രദ്ധേയമല്ലാത്ത ഗാനരംഗത്തിലാണ് ഷമ്മി തിലകന്റെ അതിഥി വേഷം. സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല എന്നും ഷമ്മി കുറിപ്പിൽ വ്യക്തമാക്കുന്നു.
ഷമ്മി തിലകന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം:
‘കുത്തിപ്പൊക്കൽ പരമ്പര. ഭരത് ഗോപി ചേട്ടനും, എന്റെ പിതാവും നായകന്മാരായും ലിസി, ജയരേഖ, എന്നിവർ നായികമാരായും. മമ്മൂക്ക അതിഥി താരമായും അഭിനയിച്ച് ആന്റണി ഈസ്റ്റ്മാൻ സംവിധാനംചെയ്ത് 1986-ൽ റിലീസ് ചെയ്ത ‘ഐസ്ക്രീം’ എന്ന സിനിമയിലെ ഒരു യുഗ്മഗാനം..!
പ്രേമമെന്നാലെന്ത്..
അതിൻദാഹമെന്നാലെന്ത്..
ആരോമലാളല്ലേ ചൊല്ലാമോ..
ഒരു തൂവലാലുള്ളം തലോടാമോ..
പുലിയൂർ സരോജ നൃത്തസംവിധാനം നിർവ്വഹിച്ച ഈ ഗാനരംഗത്തിൽ, സൂക്ഷിച്ചു നോക്കിയാൽ എന്നേയും കാണാം. ഗോപിയേട്ടന്റേയും, അച്ഛന്റേയും പാട്ടിനു താളമിടുന്ന തബലിസ്റ്റ് മറ്റാരുമല്ല.. ഈ ഞാൻ തന്നെയാണ്.. കെ.ജി ജോർജ്ജ് സാറിന്റെ കീഴിൽ സിനിമയിലും അച്ഛൻറെ കീഴിൽ നാടകത്തിലും സഹസംവിധായകനായി അന്ന് പ്രവർത്തിച്ച് വന്നിരുന്ന ഞാൻ പുലിയൂർ സരോജയുടെ നൃത്ത സംവിധാനം കണ്ട് മനസ്സിലാക്കുന്നതിനും ഭരത് ഗോപി എന്ന അതുല്യ പ്രതിഭയെ അടുത്ത് അറിയുന്നതിനും വേണ്ടിയാണ് അച്ഛനോടൊപ്പം ഷൂട്ടിങ് ലൊക്കേഷനിൽ (ബോൾഗാട്ടി പാലസ്) പോയത്.
ഗാനരംഗത്തിൽ അഭിനയിക്കേണ്ടിയിരുന്ന തബലിസ്റ്റ് വരാതിരുന്നതിനാൽ ഷൂട്ടിംഗ് മുടങ്ങും എന്ന സാഹചര്യത്തിൽ അച്ചനും ഗോപിയേട്ടനും കൂടി എന്നെ പിടിച്ചു തബലിസ്റ്റിന്റെ വേഷം കെട്ടിച്ചു. സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല എന്നത് ചരിത്രം. ഇന്നായിരുന്നെങ്കിൽ ഇങ്ങനെ ട്രോൾ വന്നേനെ.
സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന് തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാൻ പറ്റുമോ സക്കീർ ഭായീ നിങ്ങൾക്ക്.
പറ്റില്ല ഭായീ.. പക്ഷേ എനിക്കു പറ്റും’.
https://www.facebook.com/Malayalivartha