സ്വപ്നങ്ങള്‍... സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ കുമാരികളല്ലോ... മലയാളികളുടെ സ്വന്തം സ്വാമികള്‍ വിടപറഞ്ഞു, അനശ്വരമായ കുറേ ഗാനങ്ങള്‍ സാക്ഷി

സംഗീത സംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 94 വയസ്സായിരുന്നു. ചെന്നൈയില്‍ മൈലാപൂരിലെ വസതിയിലാണ് അന്ത്യം. കര്‍ണാടക സംഗീതജ്ഞനായ ദക്ഷിണാ മൂര്‍ത്തി, അന്‍പത് വര്‍ഷമായി സംഗീത സംവിധാന രംഗത്തുണ്ട്.
പ്രസിദ്ധനായ കര്‍ണ്ണാടക സംഗീതജ്ഞനും, ചലച്ചിത്ര സംഗീതസംവിധായകനുമാണ് വി ദക്ഷിണാമൂര്‍ത്തി. മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. 125ഓളം ചലച്ചിത്രങ്ങളില്‍ ഇദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
പാര്‍വതി അമ്മാളുടേയും വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബര്‍ 22നാണ് ജനനം. ബാല്യകാലം മുതല്‍ സംഗീതത്തില്‍ താല്‍പര്യമുണ്ടായിരുന്ന ദക്ഷിണാമൂര്‍ത്തിയെ അമ്മയാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങളും മറ്റും ചെറുപ്പത്തില്‍ തന്നെ ദക്ഷിണാമൂര്‍ത്തി ഹൃദിസ്ഥമാക്കി. പിന്നീട് ദക്ഷിണാമൂര്‍ത്തി കര്‍ണാടക സംഗീതത്തില്‍ അഗ്രഗണ്യനായി.
കെ കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, കുഞ്ചാക്കോ നിര്‍മ്മിച്ച് പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂര്‍ത്തി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. കെ ജെ യേശുദാസിന്റെ പിതാവായ അഗസ്റ്റിന്‍ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകന്‍. ദക്ഷിണാമൂര്‍ത്തി പ്രശസ്തരായ പല ഗായകരുടേയും സംഗീത സംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. പി ലീല, പി സുശീല, കല്ല്യാണി മേനോന്‍, ഇളയരാജ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.
'സ്വപ്നങ്ങള്‍ , സ്വപ്നങ്ങളേ നിങ്ങള്‍ ... (കാവ്യമേള), ഉത്തരാസ്വയംവരം (ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്), കാട്ടിലെ പാഴ്മുളം (വിലയ്ക്കുവാങ്ങിയ വീണ), വാതില്‍പ്പഴുതിലൂടെ (ഇടനാഴിയില്‍ ഒരു കാലൊച്ച) എന്നിവ ദക്ഷിണാമൂര്‍ത്തിയുടെ പ്രശസ്തമായ ഗാനങ്ങളാണ്.
1971ല്‍ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. 1998ല്‍ ജെ സി ഡാനിയല്‍ പുരസ്‌കാരം ലഭിച്ചു. 2013ല്‍ സ്വാതിതിരുനാള്‍ പുരസ്‌കാരം നേടി.
സംഗീത സംവിധാന മേഖലയില്‍ അവസാന കാലത്ത് അത്ര സജീവമായിരുന്നില്ലെങ്കിലും ശാസ്ത്രീയ സംഗീത രംഗത്ത് സജീവമായിരുന്നു.
https://www.facebook.com/Malayalivartha