'എന്തായാലും തകർക്കൽ ശ്രമങ്ങൾ നടക്കട്ടെ. പാറയിൽ അടിക്കുന്ന കൂടം ഉപയോഗിച്ച് മേഘരൂപത്തെ തകർക്കാം എന്നത് നിങ്ങളുടെ വെറും വ്യാമോഹമെന്ന് മാത്രം പറയട്ടെ. പ്രണയബന്ധങ്ങളിൽ ഞാൻ തേടിയത് തനിച്ചിരിക്കുമ്പോലെ എനിക്ക് ഞാനായി ഇരിക്കാനുള്ള ഇടമായിരുന്നു. ഇപ്പോഴും ആ തേടൽ തുടരുന്നുണ്ട്. അങ്ങനെ ഒരു ഇടം വെറും മിഥ്യ മാത്രമാണ് എന്ന തിരിച്ചറിവാണ് ഓരോ ബന്ധങ്ങളും സമ്മാനിക്കുന്നത് എന്നുമാത്രം...' സനൽകുമാർ ശശിധരൻ കുറിക്കുന്നു

സൈബർ ആക്രമണങ്ങൾക്ക് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. എന്നെ ഞാനല്ലാതാക്കാനുള്ള നിരവധി പ്രലോഭനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. പണമായും രതിയായും സുഖലോലുപതകളിലേക്കുള്ള വാതിലുകളായും അവ എന്റെ മുന്നിൽ തുറന്നിട്ടുണ്ട്. ഒന്നിനും എന്നെ ഞാൻ അടിയറവു വെയ്ച്ച് വഴങ്ങാത്തതുകൊണ്ടുള്ള മുറിവുകൾ ഏറ്റുവാങ്ങിയിട്ടുമുണ്ട് എന്ന് അദ്ദേഹം കുറിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എന്നെ ഞാനല്ലാതാക്കാനുള്ള നിരവധി പ്രലോഭനങ്ങളും ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. പണമായും രതിയായും സുഖലോലുപതകളിലേക്കുള്ള വാതിലുകളായും അവ എന്റെ മുന്നിൽ തുറന്നിട്ടുണ്ട്. ഒന്നിനും എന്നെ ഞാൻ അടിയറവു വെയ്ച്ച് വഴങ്ങാത്തതുകൊണ്ടുള്ള മുറിവുകൾ ഏറ്റുവാങ്ങിയിട്ടുമുണ്ട്. കിടപ്പറ രഹസ്യങ്ങൾ പരസ്യമാക്കിക്കളയും എന്നതായിരുന്നു അതിൽ ഏറ്റവും ഭീഷണമായ ഒന്ന്. "ഞാൻ വായ് തുറന്നാൽ നിന്റെ തുണിയുരിഞ്ഞു പോകും" എന്ന ഭീഷണിയിൽ നിലനിൽക്കുന്ന സ്ത്രീ പുരുഷ ബന്ധങ്ങളൊന്നും സമാധാനമുണ്ടാക്കുന്നതല്ല. എന്നെക്കുറിച്ച് പ്രചരിക്കുന്ന അപകീർത്തികൾ എന്റെ മുൻ ഭാര്യയുടെ വകയാണെന്ന് കേൾക്കുന്നു. എന്താണത് എന്നെനിക്കിനിയും അറിയാൻ കഴിയാത്തതുകൊണ്ട് അതിന്റെ സത്യാവസ്ഥയും എനിക്കറിയില്ല.
അങ്ങനെ എന്തെങ്കിലും ആണ് പ്രചരിക്കുന്നത് എന്നുണ്ടെങ്കിൽ എന്തുകൊണ്ടാണ് എന്റെ ദാമ്പത്യം പൊളിഞ്ഞു പോയത് എന്നതിന് മറ്റു കാരണങ്ങൾ ആവശ്യമില്ല. എന്നെക്കുറിച്ച് ആര് എന്ത് പറയുന്നതിലും എനിക്ക് പരാതിയൊന്നുമില്ല. എന്റെ ജീവിതത്തിന്റെ ആകെയുള്ള ഉന്നമായി ഞാൻ കൊണ്ട് നടന്നിരുന്ന സിനിമാപ്രവർത്തനം അവസാനിപ്പിക്കാനുള്ള ഒരായുധമായി അത് ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിൽ സങ്കടമുണ്ട്. ഒരു മനുഷ്യന്റെ സ്വകാര്യ ഇടങ്ങളിൽ ഒളിഞ്ഞു നോക്കി നിറം പിടിപ്പിച്ച കഥകളുണ്ടാക്കി അയാളുടെ കലാജീവിതത്തെ ഇല്ലാതാകുന്ന ഭീരുക്കളോട് സഹതാപമേയുള്ളു. ഞാൻ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ട് എന്നാണ് ആരോപണമെങ്കിൽ എന്നെക്കുറിച്ച് കുപ്രചാരങ്ങൾ അല്ല നിങ്ങൾ നടത്തേണ്ടത്. പരസ്യവിചാരണയ്‌ക്കോ കോടതി വിചാരണകൾക്കോ ഞാൻ തയാറാണ്.
പക്ഷെ അത്തരം ഒരു സാധ്യത നിലവിലില്ലാത്തതുകൊണ്ടാണ് ഇരുചെവിയറിയാതെ എനിക്കെതിരെ കുപ്രചാരണങ്ങൾ നടക്കുന്നതും അതെന്താണ് എന്ന് എന്നെ അറിയിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധ പുലർത്തുന്നതും. എന്തായാലും തകർക്കൽ ശ്രമങ്ങൾ നടക്കട്ടെ. പാറയിൽ അടിക്കുന്ന കൂടം ഉപയോഗിച്ച് മേഘരൂപത്തെ തകർക്കാം എന്നത് നിങ്ങളുടെ വെറും വ്യാമോഹമെന്ന് മാത്രം പറയട്ടെ. പ്രണയബന്ധങ്ങളിൽ ഞാൻ തേടിയത് തനിച്ചിരിക്കുമ്പോലെ എനിക്ക് ഞാനായി ഇരിക്കാനുള്ള ഇടമായിരുന്നു. ഇപ്പോഴും ആ തേടൽ തുടരുന്നുണ്ട്. അങ്ങനെ ഒരു ഇടം വെറും മിഥ്യ മാത്രമാണ് എന്ന തിരിച്ചറിവാണ് ഓരോ ബന്ധങ്ങളും സമ്മാനിക്കുന്നത് എന്നുമാത്രം.
https://www.facebook.com/Malayalivartha