സ്വർണപ്പാളി വിവാദം; ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, കുറ്റവാളികൾക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

ദേവസ്വം ബോർഡിന് വീഴ്ച സംഭവിച്ചതായി ശ്രദ്ധയിൽ പെട്ടില്ല, എങ്കിലും കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സംസാരിക്കവയൊണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ചയില്ല. പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും പിണറായി വിജയന്‍ കൂട്ടി ചേർത്തു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം നിർണായക വിവരങ്ങളാണ് ശബരിമല സ്വർണ്ണ കേസുമായി ബന്ധപ്പെട്ട് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് ഹൈക്കോടതിയുടെ വിലയിരുത്തൽ. 2019ൽ ദ്വാരപാലക ശില്പങ്ങളുടെ ലോഹ പാളിയിൽ സ്വർണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വർണമാണ് കാണാതായിട്ടുള്ളതെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ചെന്നൈയിലെത്തിച്ച ചെമ്പുപാളികളിൽ സ്വർണത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ ഇതിൽ വീണ്ടും സ്വർണം പൂശാൻ സാധിക്കില്ലെന്ന് സ്മാർട് ക്രിയേഷൻസ് അറിയിച്ചിരുന്നു.
എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർബന്ധത്താൽ ഇതിൽ നിന്നുള്ള സ്വർണം വേർതിരിച്ചെടുത്തു. തുടർന്ന് ചെമ്പുപാളികൾ വീണ്ടും സ്വർണം പൂശി. ബാക്കിയായി കൈമാറിയ 474.9 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വത്തിന് നൽകിയില്ല. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നാണ് വിജിലൻസ് ഓഫീസർ ഇന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉള്ളത്.
സ്വർണക്കൊള്ളയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാൻ ഹൈക്കോടതി പ്രത്യേക സംഘത്തിന് നിർദേശം നൽകി. ആറാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി പ്രത്യേകസംഘം നേരിട്ട് ഹൈക്കോടതിയെ അറിയിക്കണം. വിശദാംശങ്ങൾ മാധ്യമങ്ങളെ അറിയിക്കരുത്. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാധ്യമങ്ങൾ സംയമനം പാലിക്കണം. സത്യം കണ്ടെത്താനാണ് അന്വേഷണമെന്നും ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് വ്യക്തമാക്കി ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പുപാളികൾക്ക് പുറമെ, ലിന്റൽ, വശങ്ങളിലെ ഫ്രെയിമുകൾ എന്നിവയിൽ സ്വർണം പൂശിയതിൽ ക്രമക്കേടുണ്ടോ എന്നും എസ്ഐടിക്ക് പരിശോധിക്കാം.
ദേവസ്വം ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് ഇന്നു തന്നെ ദേവസ്വം ബോർഡിന് കൈമാറാൻ കോടതി നിർദേശിച്ചു. ബോർഡ് ഇത് സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറണം. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകണം എസ്ഐടി കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കേണ്ടത്. ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പുപാളികൾക്ക് പുറമെ, ലിന്റൽ, വശങ്ങളിലെ ഫ്രെയിമുകൾ എന്നിവയിൽ സ്വർണം പൂശിയതിൽ ക്രമക്കേടുണ്ടോ എന്ന് എസ്ഐടിക്ക് പരിശോധിക്കാം. പ്രത്യേക കേസുകൾ റജിസ്റ്റർ ചെയ്ത് അന്വേഷണിക്കണോ എന്നത് എസ്ഐടിക്ക് തീരുമാനിക്കാം.
https://www.facebook.com/Malayalivartha