വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ്... രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് ഇന്ത്യ പുനരാരംഭിക്കും

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ റൺ മല തീർക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ രണ്ടാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിക്കും. ഒന്നാം ദിനമായ ഇന്നലെ കളി അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 318 റൺസെന്ന കരുത്തുറ്റ നിലയിലാണ്.
കിടിലൻ സെഞ്ച്വറിയുമായി ഒന്നാം ദിനം കളം വാണ യശസ്വി ജയ്‌സ്വാൾ ഡബിൾ സെഞ്ച്വറിയിലേക്ക് നീങ്ങുകയാണ്. ഒപ്പം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് ക്രീസിൽ. യശസ്വി 173 റൺസുമായി ക്രീസിൽ നിൽക്കുന്നു. താരം 22 ഫോറുകൾ തൂക്കി. ഗിൽ 20 റൺസുമായും നിൽക്കുന്നു.
ഓപ്പണർ കെഎൽ രാഹുൽ (38), സായ് സുദർശൻ (87) എന്നിവരാണ് പുറത്തായത്. രണ്ട് വിക്കറ്റുകളും ജോമൽ വാറിക്കനാണ് സ്വന്തമാക്കിയത്.
ടെസ്റ്റ് കരിയറിലെ ഏഴാം സെഞ്ച്വറിയാണ് യശസ്വി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ കുറിച്ചത്. 145 പന്തുകൾ നേരിട്ട് 16 ഫോറുകളുടെ അകമ്പടിയിലാണ് താരം ശതകം തൊട്ടത്. ഫോമിലെത്തിയില്ലെങ്കിൽ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നത്തിൽ നിൽക്കെയാണ് സായ് മികവിലേക്കുയർന്നത്. കന്നി ടെസ്റ്റ് സെഞ്ച്വറി 13 റൺസ് അകലെ നഷ്ടമായതാണ് താരത്തെ നിരാശപ്പെടുത്തിയത്. 165 പന്തുകൾ നേരിട്ട് 12 ഫോറുകൾ സഹിതം താരം 87 റൺസുമായി മടങ്ങി. രണ്ടാം വിക്കറ്റിൽ യശസ്വി- സായ് സഖ്യം 193 റൺസ് ബോർഡിൽ ചേർത്താണ് പിരിഞ്ഞത്.
ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി വന്ന ശേഷം ആദ്യമായാണ് ഗിൽ ടോസ് ജയിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് കളികളിലും ഗില്ലിനു ടോസ് നഷ്ടമായിരുന്നു. പിന്നാലെ ഈ പരമ്പരയിലെ ആദ്യ മത്സരത്തിലും ടോസ് കിട്ടിയില്ല. ആറ് മത്സരങ്ങൾക്കു ശേഷമാണ് ആദ്യമായി ഗിൽ ടോസ് ജയിക്കുന്നത്
"
https://www.facebook.com/Malayalivartha