9 വർഷം മുമ്പ് മരിച്ചെന്ന് കരുതി കർമങ്ങളടക്കം ചെയ്ത മക്കൾ, ഗീതയുടെ അപ്രതീക്ഷിത തിരിച്ച് വരവ്

ചില കൂടിക്കാഴ്ചകൾ കണ്ട് നിൽക്കുന്നവരുടെ പോലും മനം കവരും. അത്തരമൊരു കാഴ്ചയാണ് അങ്ങ് കോഴിക്കോട് നിന്ന് പുറത്ത് വന്നിരിക്കുന്നത്. വാർധക്യ കാലത്ത് ആരുമില്ലാതെ ഒറ്റപ്പെട്ടവളായി കഴിയേണ്ടി വരും എന്ന് കരുതുന്ന അമ്മയെ തേടി ആ മക്കൾ എത്തിയിരിക്കുന്നു. സ്വന്തം അമ്മയെ കണ്ടെത്താനുള്ള പരിശ്രമത്തിന്റെ ഫലമായി മഹാരാഷ്ട്രയിൽ മായനാട് ഗവ. ആശാ ഭവനിൽ എത്തിയിരിക്കുകയാണ് ആ മക്കൾ.
ഒമ്പത് വർഷം മുമ്പ് മനോനില തെറ്റി കോഴിക്കോട് എത്തിയ അമ്മയാണ് ഇപ്പോൾ മക്കളുടെ സുരക്ഷിതമായ കരങ്ങളിലേക്ക് തിരികെ പോകുന്നത്. മനോനില തെറ്റിയാണ് ഗീത ട്രെയിൻ കയറി കോഴിക്കോട്ടെത്തി. ഇവരെ ശ്രദ്ധിക്കാനിടയായ പോലീസ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇവിടുത്തെ ചികിത്സക്ക് ശേഷം മനോനില വീണ്ടെടുത്ത ഗീത പിന്നീട് ആശാ ഭവന്റെ തണലിൽ കഴിയുകയായിരുന്നു. ഭാഷയറിയാതെ കഴിഞ്ഞ ഗീത നാടിനെ കുറിച്ച് നൽകിയ സൂചനകൾ വെച്ച് ഭോക്കർ പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും അവർ അന്വേഷിച്ച് ഉടൻ കുടുംബാംഗങ്ങളെ കണ്ടെത്തുകയുമായിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഓഫീസറും സാമൂഹിക പ്രവർത്തകനുമായ എം ശിവന്റെ ഇടപെടലാണ് ഗീതക്ക് പതിറ്റാണ്ടോളം നീണ്ട ഒറ്റപ്പെടലിന് ശേഷം ബന്ധുക്കൾക്കൊപ്പം മടങ്ങാൻ അവസരമൊരുക്കിയത്. വർഷങ്ങളോളം അന്വേഷിച്ചിട്ടും കണ്ടെത്താനാവാതിരുന്നതോടെ മരിച്ചെന്ന് കരുതി കർമങ്ങളടക്കം ചെയ്ത മക്കൾക്ക് ഗീത ജീവനോടെയുണ്ടെന്നറിഞ്ഞതോടെ ആഹ്ലാദമടക്കാനായില്ല. ജോലി ചെയ്യുന്ന ആന്ധ്രയിലെ നിസാമാബാദിൽനിന്ന് ഉടൻ പുറപ്പെട്ട മക്കളായ സന്തോഷ് കുമാർ വാഗ്മാരെയും ലക്ഷ്മി വാഗ്മാരെയും ഇത് പുനർജന്മമാണെന്നായിരുന്നു പ്രതികരിച്ചത്.
അമ്മയെ കാണാതായത് മുതൽ തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾ മക്കൾ പങ്കുവെച്ചു. ആദിവാസി വിഭാഗത്തിൽ പെട്ട ഗീതയുടെ ഭർത്താവ് 35 വർഷം മുമ്പ് മറ്റൊരു വിവാഹം കഴിച്ചതോടെ രണ്ട് ആൺമക്കളും ഒരു മകളുമടങ്ങുന്ന കുടുംബം ദുരിതത്തിലായിരുന്നു. അമ്മയെ കാണാതാവുക കൂടി ചെയ്തതോടെ മക്കൾ ജോലി തേടി ആന്ധ്രയിലേക്ക് പോയി. അമ്മയെ കണ്ടെത്തിയ വിവരമറിഞ്ഞ് മക്കൾ എത്തിയതോടെ വൈകാരിക നിമിഷങ്ങൾക്കാണ് ആശാ ഭവൻ സാക്ഷ്യം വഹിച്ചത്. മാതാവിനെ സംരക്ഷിച്ചതിന് അവിടുത്തെ ജീവനക്കാർക്കും സർക്കാരിനും നന്ദി പറഞ്ഞ മക്കൾ വൈകുന്നേരത്തോടെ മാതാവിനെയും കൂട്ടി നാട്ടിലേക്ക് തിരിച്ചു.
https://www.facebook.com/Malayalivartha