ഏഴ് രാപ്പകലുകള്‍ നീളുന്ന സിനിമാക്കാഴ്ചയ്ക്ക് അരങ്ങൊരുങ്ങി... 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം... വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും
28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കമാകുന്നു. വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും.
ബോളിവുഡ് നടന്‍ നാനാ പടേക്കര്‍ മുഖ്യാതിഥിയാവുമെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെനിയന്‍ സംവിധായിക വനൂരി കഹിയുവിന് സ്പിരിറ്റ് ഒഫ് സിനിമ അവാര്‍ഡ് മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കും. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ ഗോള്‍ഡാ സെല്ലം ഇത്തവണത്തെ പാക്കേജുകള്‍ പരിചയപ്പെടുത്തും.
മേളയില്‍ 175 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം മേളയുടെ സമാപനച്ചടങ്ങില്‍ സമര്‍പ്പിക്കും.
വി.കെ. പ്രശാന്ത് എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയര്‍പേഴ്‌സണും പോര്‍ച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കന്‍ പാക്കേജ് ക്യുറേറ്റര്‍ ഫെര്‍ണാണ്ടോ ബ്രണ്ണര്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി, ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍,? സംവിധായകന്‍ ശ്യാമപ്രസാദ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഫിലിം ചേംബര്‍ പ്രസിഡന്റ് ബി.ആര്‍.ജേക്കബ്, അക്കാഡമി സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ പങ്കെടുക്കും.
ചടങ്ങിന് ശേഷം മുഹമ്മദ് കോര്‍ദോഫാനി സംവിധാനം ചെയ്ത ഗുഡ്‌ബൈ ജൂലിയ പ്രദര്‍ശിപ്പിക്കും.മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് 20 ലക്ഷം രൂപയാണ് അവാര്‍ഡ്. രജത ചകോരത്തിന് അര്‍ഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷവും നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും.
പ്രേക്ഷക പുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധായകന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനാവുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയുമാണ് നല്‍കുക.
"
https://www.facebook.com/Malayalivartha