ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീവിതത്തില്‍ കനകലത

നടി കനകലതയുടെ മരണം ഏറെ വേദനിപ്പിക്കുന്നതാണ്. പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ട നടിയാണ്. ഒടുവില്‍ വേഷമിട്ടത് പൂക്കാലമെന്ന സിനിമയിലാണ്.
ചെറുതും വലുതുമായ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കനകലത. ഓച്ചിറയില്‍ പരമേശ്വരന്‍ പിള്ളയുടെയും ചിന്നമ്മയുടെയും മകളായിട്ടാണ് ജനനം. നാടകത്തില്‍ നിന്നാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി സിനിമയില്‍ വേഷമിടുന്നത്.
മലയാളത്തില്‍ സഹനടിയായി കരുത്തുറ്റ നിരവധി കഥാപാത്രങ്ങളില്‍ തിളങ്ങിയ കനകലത കോമഡി വേഷങ്ങളും അനായാസേന കൈകാര്യം ചെയ്തിരുന്നു. പി എ ബക്കറിന്റെ സംവിധാനത്തിലുള്ള ചിത്രമായ ഉണര്‍ത്തുപാട്ടിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ ഉണര്‍ത്തുപാട്ട് റിലീസായില്ല. ലെനിന്‍ രാജേന്ദ്രന്റെ ചില്ല് എന്ന സിനിമയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ആദ്യത്തെ കണ്‍മണി, കൗരവര്‍, രാജാവിന്റെ മകന്‍, ജാഗ്രത, അനിയത്തിപ്രാവ്, ആകാശഗംഗ, ഹരികൃഷ്ണന്‍, വിദേശി നായര്‍ സ്വദേശി നായര്‍, ഒരു യാത്രാമൊഴി, സഫടികം, കുസൃതിക്കാറ്റ്, മാനത്തെക്കൊട്ടാരം, ബന്ധുക്കള്‍ ശത്രുക്കള്‍, അച്ഛന്റെ ആണ്‍മക്കള്‍, പകല്‍, അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്, ദ ഗുഡ് ബോയ്‌സ്, കിലുകില്‍ പമ്പരം, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ വേഷമിട്ടു. തമിഴില്‍ സ്മാര്‍ട് ബോയ്‌സ്, ഇലൈ തുടങ്ങിയവയ്ക്ക് പുറമേ കടവൂള്‍ സാക്ഷി, എനക്കായി പിറന്തേന്‍ എന്നിവയിലും വേഷമിട്ടു. പ്രമാണി, ഇന്ദുലേഖ, സ്വാതി തിരുന്നാള്‍ തുടങ്ങിയവയാണ് പ്രധാന നാടകങ്ങള്‍. സിനിമയില്‍ നിറസാന്നിദ്ധ്യമായി പ്രിയങ്കരിയായ നടി സീരീയലുകളായ പാലിയത്തച്ചന്‍, പ്രേയസി, സാഗരചരിതം, പകിട പകിട പമ്പരം, അഗ്‌നിസാക്ഷി, ജ്വാലയായി, വീണ്ടും ജ്വാലയായി, ദേവഗംഗ, പ്രണയം, ഗംഗ, തുലാഭാരം, സൂര്യപുത്രി, ഡ്രാക്കുള തുടങ്ങിയവയിലും വേഷമിട്ടു.
പാര്‍ക്കിന്‍സണ്‍സും മറവിരോഗവും കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏറെ ദുരിതാവസ്ഥയിലായിരുന്നു നടി കനകലതയുടെ ജീവിതം. നടിയുടെ സഹോദരി വിജയമ്മയാണ് ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കനകലതയുടെ അസുഖത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. 2021 മുതലാണ് നടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡോക്ടറെ കണ്ടതിനെ തുടര്‍ന്നാണ് ഡിമന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആര്‍ഐ സ്‌കാനില്‍ തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തി.
ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവില്‍ ആയിരുന്നു. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോകുന്ന അവസ്ഥയിലെത്തി. ലിക്വിഡ് ഫുഡാണ് കൊടുത്തിരുന്നത്. ഡയപ്പര്‍ വേണ്ടി വരുന്നെന്നും ശരീരം തീരെ മെലിഞ്ഞ് ആളെ മനസ്സിലാകാത്ത രൂപമായി മാറിയെന്നും വിജയമ്മ അന്ന് പറഞ്ഞിരുന്നു.
34 വര്‍ഷമായി കനകലതയുടെ കൂടെയുള്ള വിജയമ്മയാണ് കാര്യങ്ങളൊക്കെ നോക്കിയിരുന്നത്. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് കനകലത വാങ്ങിയ വീട്ടിലായിരുന്നു താമസം. പതിനാറു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വിവാഹമോചനം നേടിയ കനകലതയ്ക്ക് കുട്ടികളില്ല. കനകലതയ്‌ക്കൊപ്പം പ്രോഗ്രാമിനും ഷൂട്ടിനുമൊക്കെ പോകാന്‍ കൂട്ടിനായി വന്നതാണ് വിജയമ്മ. ഇവരുടെ സഹോദരന്റെ മകനാണ് മറ്റു സഹായത്തിനുണ്ടായിരുന്നത്.
പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യാവസ്ഥ മോശമായതുകൊണ്ട് സിനിമകളും സീരിയലുമൊക്കെ ഒഴിവാക്കിയിരുന്നു. അമ്മ സംഘടനയുടെ ഇന്‍ഷുറന്‍സ് ഉണ്ട്. മാസം 5000 രൂപ കൈനീട്ടമായും ലഭിക്കുന്നുണ്ടായിരുന്നു. ആത്മയില്‍നിന്നും ചലച്ചിത്ര അക്കാദമിയില്‍നിന്നും ധനസഹായം ലഭിച്ചിരുന്നു.
കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷമായി മലയാളത്തിലും തമിഴിലുമടക്കം 360 ല്‍ ഏറെ സിനിമകളില്‍ അഭിനയിച്ച താരമാണ് കനകലത. ഒരുകാലത്ത് മലയാളത്തിലെ ജനപ്രിയ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ നടി. മിനിസ്‌ക്രീനിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച താരം പക്ഷേ കുറേക്കാലമായി സിനിമയിലുണ്ടായിരുന്നില്ല. 'ആനന്ദം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ ഗണേഷ് രാജിന്റെ പുതിയ ഹിറ്റ് ചിത്രമായ 'പൂക്കാല'ത്തിലൂടെ കനകലത മലയാള സിനിമയിലേക്കു തിരിച്ചുവരവ് നടത്തിയിരുന്നു.
https://www.facebook.com/Malayalivartha