ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മാന്നാര്‍ മത്തായിയും സംഘവും വീണ്ടും എത്തുന്നു

1989 ലായിരുന്നു മത്തായച്ഛനും, ബാലകൃഷ്‌ണനും, ഗോപാലകൃഷ്‌ണനും റാംജിറാവു സ്‌പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കാന്‍ എത്തിയത്. മലയാള സിനിമയില്‍ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കിയ ചുരുക്കം ചില കൂട്ടുകെട്ടുകളില്‍ പ്രധാനികളായ സിദ്ധിക്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ സിനിമയായിരുന്നു അത്.
എണ്‍പതുകളുടെ കാലഘട്ടത്തില്‍ മലയാളീ സമൂഹത്തില്‍ നിലനിന്നിരുന്ന ദാരിദ്രവും തൊഴിലില്ലായ്‌മയും വളരെ ലളിതവും അതിലുപരി ഹാസ്യാത്മകവുമായ രീതിയില്‍ അവതരിപ്പിച്ച് ജനഹൃദയങ്ങളില്‍ ഇടംനേടി എന്നതാണ് ആ ചിത്രത്തിന്റെ വിജയം. ഒരേ സമയം നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഇന്നസെന്റും,മുകേഷും, സായ്‌കുമാറും ആയിരുന്നു.
പിന്നീട് 1995ല്‍ മാന്നാര്‍ മത്തായി സ്‌പീക്കിംഗ് എന്ന ചിത്രത്തിലൂടെ മത്തായച്ഛനും, ബാലകൃഷ്‌ണനും, ഗോപാലകൃഷ്‌ണനും മലയാളികള്‍ക്ക് മുന്നില്‍ വീണ്ടും എത്തി. ഇതും മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടി. കൂടാതെ മറ്റുപല ഭാഷകളിലേക്കും ചിത്രം പുനര്‍ നിര്‍മ്മിക്കുകയും ഉണ്ടായി.
ഇപ്പോഴിതാ മാന്നാര്‍ മത്തായി സീരീസിലെ മൂന്നാമത്തെ ചിത്രം വരുന്നു എന്ന വാര്‍ത്തയാണ് അണിയറയില്‍ നിന്നും കേള്‍ക്കുന്നത്. പ്രശസ്‌ത സംവിധായകന്‍ മാമാസാണ് ചിത്രം ഒരുക്കുന്നത്. പ്രധാന കഥാപാത്രങ്ങളുടെ റോളിലെത്തുന്നത് ഇന്നസെന്റും, മുകേഷും,സായ്‌കുമാറും തന്നെയാണ്. നായിക അപര്‍ണ നായരാണ്.
കൂടാതെ വിജയ രാഘവന്‍, ഷമ്മി തിലകന്‍, ജനാര്‍ദ്ധനന്‍ തുടങ്ങിയവും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ഈ മാസം അവസാനത്തോടെ ഷൂട്ടിംഗ് ആരംഭിക്കും.
https://www.facebook.com/Malayalivartha