സിനിമാ സെറ്റുകൾ കൈയ്യടക്കി ഡ്രൈവേഴ്സ് ക്ലബ് ക്വട്ടേഷന്‍ സംഘം; തലവൻ പൾസർ സുനി

സിനിമയില്‍ ഡ്രൈവേഴ്‌സ്ക്ലബ് എന്ന പേരില്‍ ക്വട്ടേഷന്‍ സംഘം. 2010 ല്‍ പള്‍സര്‍ സുനിയാണ് ഡ്രൈവേഴ്‌സ് ക്ലബ് രൂപീകരിച്ചത്. 20 നും 25 നും മദ്ധ്യേ പ്രായമുള്ള 18 പേര് ഈ ക്ലബ്ബില്‍ അംഗങ്ങള്‍ ആയിരുന്നു. എറണാകുളം ജില്ലയിലെ പൊന്നുരുന്നിയില്‍ വീടെടുത്ത് ഇവരെ താമസിപ്പിച്ചുകൊണ്ടാണ് സംഘം പ്രവര്‍ത്തനം നടത്തിയിരുന്നത്. സിനിമയിലേക്ക് ഡ്രൈവര്‍മാരെ വിതരണം ചെയ്തിരുന്നത് ഈ ക്ലബായിരുന്നു. താരങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഈ ക്ലബ് ഇടപെട്ടിരുന്നു. നാലു പ്രമുഖ താരങ്ങള്‍ക്ക് ബോഡി ഗാര്‍ഡിനേയും ഡ്രൈവര്‍മാരേയും വിട്ടു നല്‍കിയത് ഈ ക്ലബ് ആയിരുന്നു.
കൂടുതല്‍ നടിമാരെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി പള്‍സര്‍ സുനി പൊലീസിന് മൊഴി നല്‍കി. ക്ലബിൽ അംഗങ്ങള്‍ ആയിരുന്നവരെ സെന്‍ട്രല്‍ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ തുടങ്ങി. സുനി പറയുന്ന കാര്യങ്ങള്‍ പലപ്പോഴും തങ്ങള്‍ക്ക് ചെയ്യേണ്ടി വന്നുവെന്ന് അംഗങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ ക്വട്ടേഷന്‍ സംഘം മുന്‍കാലത്ത് നടത്തിയ ആക്രമണങ്ങളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് പൊലീസ് പരിശോധിക്കുകയാണ്. ഈ സംഘം സിനിമയില്‍ ഗുണ്ടാ സംഘം പോലെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പൊലീസിന് മനസ്സിലാക്കാനായിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഈ മാസം 18 നാണ് സുനി അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സുനിയുടെ അഭിഭാഷകന്‍ ബിഎ ആളൂരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. അതേസമയം, മുന്‍കാല നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സുനിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. കേസില്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നുവരെ നീട്ടിയിട്ടുണ്ട്. അതിനിടെ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനിയുടെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് രണ്ടുവരെ നീട്ടി.
അതേ സമയം, 2011 ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ സുനിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ഒരു കോടിരൂപ ആവശ്യപ്പെടാനാണ് ഉദ്ദേശിച്ചതെന്ന് സുനി ചോദ്യംചെയ്യലില്‍ പറഞ്ഞു. നടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടാനാണ് ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ സംഘത്തിലെ മറ്റുള്ളവരുടെ അലംഭാവം മൂലം പദ്ധതി പാളുകയായിരുന്നെന്നും സുനി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. നടിയെക്കുറിച്ച് സിനിമാ മേഖലയിലുള്ള ഒരു സുഹൃത്താണ് വിവരങ്ങള്‍ നല്‍കിയതെന്നും സുനി പറഞ്ഞു.
https://www.facebook.com/Malayalivartha
























