അമ്മയുടെ കണക്കുകളിൽ മറിമായം; ദിലീപിനെ സംശയിച്ച് സർക്കാർ

താരസംഘടനയായ അമ്മക്ക് താരനിശകളിൽ നിന്നും ലഭിച്ച കോടികൾ വകമാറ്റിയത് ദിലീപാണെന്ന് ആദായ നികുതി വകുപ്പിനു സംശയം. അമ്മയുടെ തലപ്പത്ത് അഴിമതിയുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. കോടി കണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയതെന്നും ആദായ നികുതി വകുപ്പ് കണ്ടെത്തി. അതിനിടെ അമ്മയുടെ ഭാരവാഹികൾ കുറ്റമെല്ലാം ദിലീപിന്റെ തലയിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കും.
അമ്മയുടെ അനൗപചാരിക യോഗത്തിൽ കണക്കുകൾ സൂക്ഷിച്ചിരുന്നത് ദിലീപാണെന്നും അദ്ദേഹത്തെ സമീപിച്ചാൽ മാത്രമേ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയുകയുള്ളൂവെന്നും ആദായ നികുതി വകുപ്പിനെ അറിയിക്കാൻ തീരുമാനിച്ചതായി അറിയുന്നു. അമ്മയുടെ പണം ദിലീപ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. കണക്കുകൾ സൂക്ഷിക്കാൻ ബാധ്യസ്ഥനായ ദിലീപ് കണക്കുകൾ സൂക്ഷിച്ചില്ലെന്ന ആക്ഷേപത്തിൽ കാര്യമുണ്ട്. കണക്കുകൾ ശരിയാക്കാത്തത് അഴിമതിക്ക് വേണ്ടിയാണെന്ന സംശയവും താരസംഘടനയിലെ പ്രമാണിമാർക്കുണ്ട്.
താരനിശകൾ നടത്തുമ്പോൾ ലഭിക്കുന്ന തുക ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു എന്നാണ് അമ്മ നൽകിയിരിക്കുന്ന വിശദീകരണം. അത് ശരിയാണെങ്കിൽ അതിന്റെ വിശദാംശങ്ങൾ ആദായ നികുതി വകുപ്പിനെ അറിയിക്കാൻ ബാധ്യതയുണ്ട്. ഇത് സംബന്ധിച്ച് വ്യക്തമായ രേഖകൾ അമ്മയുടെ കൈയിൽ ഇല്ല. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ അതിൽ തിരിമറി ഉണ്ടെന്ന് വിശ്വസിക്കും. വിശദമായ കണക്ക് ഹാജരാക്കാൻ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
അമ്മയിൽ അഴിമതിയുണ്ടെന്ന വസ്തുത തെളിഞ്ഞാൽ ഇന്നസെന്റിന് കൈയൊഴിയാൻ പറ്റില്ല. കാരണം ഇന്നസെന്റാണ് അമ്മയുടെ മേധാവി. അഴിമതി തെളിഞ്ഞാൽ അദ്ദേഹം രാജിവയ്ക്കേണ്ടി വരും. അതിനാൽ അമ്മയുടെ ഭാരവാഹികൾ അതീവ ശ്രദ്ധയോടെയാണ് കരുക്കൾ നീക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ദിലീപിനെതിരെ എന്ത് പറഞ്ഞാലും അത് സൂപ്പർ ഹിറ്റാകുമെന്ന് എല്ലാവർക്കുമറിയാം.
അമ്മയുടെ ഭാരവാഹികൾക്കുള്ള ചെലവിന് തന്നെ കോടികളാണ് മുടക്കുന്നത്. നിർദ്ദനരായ സിനിമാക്കാരെ സഹായിക്കാറുണ്ടെന്ന് അമ്മ പറയുന്നുണ്ടെങ്കിലും അതിലേറെയും വാചകമടി മാത്രമാണ്. തുച്ഛമായ തുകയാണ് പെൻഷനായി നൽകുന്നത്. കിട്ടുന്നത് കിട്ടട്ടേ എന്നു കരുതി ആരും ഇത്തരം പ്രവണതകൾ ചോദ്യം ചെയ്യാറില്ല. കൂടുതലും ഭാരവാഹികളുടെ ആഢംബര ജീവിതത്തിനാണ് ചെലവഴിക്കാറുള്ളത്. അടുത്ത കാലം വരെ അമ്മയുടെ സകലമാന പ്രവർത്തനങ്ങളും നിയന്ത്രിച്ചിരുന്നത് ദിലീപാണ്. സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവർ ദിലീപിന്റെ മുന്നിൽ സാക്ഷികളായി നിൽക്കുന്നതായിരുന്നു പതിവ്.
https://www.facebook.com/Malayalivartha
























