കഷ്ടപ്പാടിന്റെ ബാല്യം താണ്ടിയ നടന്‍ ഹരീഷ് കണാരന്റെ കഥ അറിയാതെ പോകരുത്...

കോഴിക്കോടന്‍ ശൈലികൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നടനാണ് ഹരീഷ് കണാരന്‍. കുതിരവട്ടം പപ്പുവിന്റെയും മാമുക്കോയയുടെയും പിന്‍ഗാമിയായി എത്തിയ ഹരീഷ് മലയാള സിനിമയില്‍ സ്വന്തം ഇടം അടയാളപ്പെടുത്തിക്കഴിഞ്ഞു. ''ങ്ങള് എന്തൊരു വെറുപ്പിക്കലാണെന്റെ ബാബുവേട്ടാ'' ഇ ഡയലോഗ് കേള്‍ക്കുന്ന മാത്രയില്‍ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന നിക്ഷ്കളങ്ക ഭാവത്തില്‍ നില്ക്കുന്ന ഹരീഷ് കണാരന്റെ മുഖമാണ്. എല്ലാവരെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന ഹരീഷിന്റെ ബാല്യം പക്ഷേ അത്ര സുഖകരമായിരുന്നില്ല.
ദുരിതങ്ങള്‍ താണ്ടി സിനിമയുടെ വെള്ളിവെളിച്ചത്തില്‍ അഭിരമിക്കുന്ന ഈ കോഴിക്കോട്ടുകാരന്‍ തന്റെ ജീവിതത്തെ വിവരിക്കുന്നത് ഇങ്ങനെ. എന്റെ ആറാം വയസിലാണ് അമ്മ മരിക്കുന്നത്. ടിബിയായിരുന്നു. ഒരു വർഷം കഴിഞ്ഞ് അച്ഛന്‍ വേറെ വിവാഹം കഴിച്ചു. രണ്ടു കൊല്ലം അവരുടെ കൂടെനിന്നു. പിന്നെ മാമമന്റെ കൂടെയായി ജീവിതം. പത്താംക്ലാസില്‍ തോറ്റതോടെ പലതരം ജോലികളില്‍ ഏര്‍പ്പെട്ടു. തിയറ്റര്‍ ഓപ്പറേറ്റര്‍, കല്‍പ്പണി, പെയിന്റിങ്, ഓട്ടോ ഡ്രൈവര്‍...എന്നിങ്ങനെ പല വേഷങ്ങള്‍ ജീവിതത്തില്‍ അണിഞ്ഞിട്ടുണ്ട്.

ബന്ധുക്കള്‍ ഉപദേശിക്കാന്‍ തുടങ്ങിയതോടെ വീണ്ടും എസ്എസ്എല്‍സി എഴുതാന്‍ ട്യൂഷന് പോയി തുടങ്ങി. എന്തായാലും ജീവിതം മാറി തുടങ്ങുന്നത് അവിടെ വച്ചാണ്. സന്ധ്യയെ (ഭാര്യ) കാണുന്നതും പരിചയപ്പെടുന്നതും അവിടെവച്ചാണ്. പ്രണയം തുടങ്ങിയതോടെ ജീവിതത്തില്‍ ഒറ്റയ്ക്കല്ലെന്ന തോന്നി തുടങ്ങി. ചെറുപ്പം മുതലേ അച്ഛനോടായിരുന്നു എനിക്ക് അടുപ്പം. ദൈവം മനഃപൂർവം അങ്ങനെയാക്കിയതാകാം. അമ്മ നേരത്തേ പോകുമെന്ന് ദൈവത്തിന് അറിയാമല്ലോ.

അക്കാലത്ത് ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്ന് 'കാലിക്കറ്റ് ഫ്രണ്ട്സ്' എന്ന പേരില്‍ ഒരു മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു. 600 രൂപ പ്രതിഫലം വാങ്ങിയൊക്കെ പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. പെയിന്റിങ് ജോലിക്കുപോകുമ്പോള്‍ ആവശ്യത്തിന് ലീവെടുക്കാനും മറ്റും പറ്റും. ഞങ്ങളുടെ പരിപാടി കണ്ട് കോഴിക്കോട് 'സൂപ്പര്‍ ജോക്സ്' എന്ന പ്രൊഫഷണല്‍ മിമിക്രി ട്രൂപ്പിലേക്ക് വിളിച്ചു. വര്‍ഷത്തില്‍ 200 പരിപാടിവരെ നടത്തുമായിരുന്നു. അന്ന് ഞങ്ങള്‍ അവതരിപ്പിച്ച നുണ മത്സരം എന്ന ഐറ്റം വന്‍ ഹിറ്റായിരുന്നു.
പിന്നീട് ചാനല്‍ റിയാലിറ്റി ഷോയില്‍ ആ പരിപാടിയിലെ കഥാപാത്രത്തെ വികസിപ്പിച്ചാണ് ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രമാണ് ഹരീഷ് പെരുമണ്ണ ആയിരുന്ന എനിക്ക് സിനിമയിലേക്ക് വഴിതുറന്നത്. ഉത്സാഹക്കമ്മിറ്റിയിലും സപ്തമശ്രീ തസ്കരയിലുമൊക്കെ മുഖം കാണിച്ചു. സപ്തമശ്രീയിലെ തുരങ്കം കുഴിക്കുന്ന കള്ളന്റെ വേഷം എനിക്കു മറക്കാനാകത്തതാണ്.

https://www.facebook.com/Malayalivartha
























